കൊച്ചി: കെഎസ്ആർടിസി ജീവനക്കാർ നടത്താനിരുന്ന സമരം ഹൈക്കോടതി സ്റ്റേ ചെയ്തു. കെഎസ്ആർടിസി എം.ഡി ടോമിൻ തച്ചങ്കരിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചർച്ചകൾ ഇല്ലാതെ സമരം പ്രഖ്യാപിച്ചതിനാലാണ് സമരം ഹൈക്കോടതി വിലക്കിയത്. ഒക്ടോബർ രണ്ടു മുതലാണ് കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്.

കെഎസ്ആർടിസി അവശ്യ സർവ്വീസാണ്. ജീവനക്കാർ സമരം പ്രഖ്യാപിക്കുമ്പോൾ ഒത്തു തീർപ്പ് ചർച്ച നടത്താനുളള അവസരം കൊടുക്കണം. അതില്ലാതെയാണ് സമരം പ്രഖ്യാപിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. തുടർന്നാണ് സമരം സ്റ്റേ ചെയ്തുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിശദമായ വാദം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കും.

പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ഷെഡ്യൂളുകൾ വെട്ടി കുറയ്ക്കാനുളള തീരുമാനം പിൻവലിക്കുക, ഡ്യൂട്ടി പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിലെ ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൂവായിരത്തോളം സർവീസുകളാണ് സിംഗിൾ ഡ്യൂട്ടിക്കനുസരിച്ച് പുനഃക്രമീകരിച്ചത്. ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി തികയ്ക്കാൻ വേണ്ടി ഓർഡിനറി ബസുകൾ തിരക്കില്ലാത്ത സമയത്തും സർവീസ് നടത്തുന്നത് കനത്ത നഷ്ടമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് സിംഗിൾ ഡ്യൂട്ടിയാക്കിയത്.

ഡീസൽ വില വർധനവിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ 30 ശതമാനത്താളം കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കിയതും പ്രതിഷേധത്തിന് കാരണമായി. ലാഭകരമല്ലാത്ത ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതോടെ യാത്രാക്ലേശം രൂക്ഷമായെന്നും സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയതെന്നാണ് യൂണിയനുകളുടെ ആരോപണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ