കൊച്ചി: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കാർത്തിയുടെയും മണിവാസകത്തിന്റെയും മൃതദേഹങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി. മ്യതദേഹങ്ങൾ കേടാവാതെ സൂക്ഷിക്കാൻ സർക്കാരിനു കോടതി നിർദേശം നൽകി. എട്ടാം തിയതിക്കകം പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കാനും കോടതി ഉത്തരവിൽ നിർദേശിച്ചു.
കാർത്തിയുടെ സഹോദരനും മണി വാസകത്തിന്റെ സഹോദരിയുമാണ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. സംസ്കാരം നടത്താനുള്ള കീഴ്ക്കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നു കാണിച്ചാണ് ഹർജി സമർപ്പിച്ചിച്ചത്. അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുമതി നൽകിയ പാലക്കാട് സെഷൻസ് കോടതി ഉത്തരവ് തടയണമെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ഉത്തരവ്.
Read Also: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ തന്നെ: സിപിഐ റിപ്പോർട്ട്
മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാണെന്ന് സർക്കാരും അതല്ല, കസ്റ്റഡിയിലെ ടുത്ത് വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് ഹർജിക്കാരും ബോധിപ്പിച്ചപ്പോൾ ഇക്കാര്യത്തിൽ പുകമറ മാറ്റേണ്ടതുണ്ടെന്ന് കോടതി വാക്കാൽ പരാമർശിച്ചു. ഇവരുടെ മരണത്തെക്കുറിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഇവർ കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. നിലവിൽ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെവച്ചായിരുന്നു പോസ്റ്റ് മോർട്ടം നടപടികളും.
ഏറ്റുമുട്ടൽ കൊലയിൽ സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിച്ചിട്ടില്ലെന്ന് ആരോപിച്ച് മാവോയിസ്റ്റ് നേതാക്കളുടെ ബന്ധുക്കൾ പാലക്കാട് സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കിയിരുന്നു. സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്നു കണ്ട് മൃതദേഹങ്ങൾ സംസ്കരിക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെ യാണ് ബന്ധുക്കൾ കോടതിയെ സമീപിച്ചത്.