കേരള ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത നടപടിക്കൊരുങ്ങിയ മന്ത്രി തോമസ് ചാണ്ടി വടികൊടുത്ത് വാങ്ങിയ അടിയാണിപ്പോൾ കോടതിയിൽ നിന്നും കിട്ടിയത്. മന്ത്രിസ്ഥാനത്ത് രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് പറഞ്ഞ കോടതി ഉന്നയിച്ച പരാമർശങ്ങൾ മന്ത്രിക്ക് മാത്രമല്ല, സർക്കാരിനും തലവേദനയാകുകയാണ്. സർക്കാരിന്രെ റിപ്പോർട്ടിനെതിരെ അതേ സർക്കാരിലെ മന്ത്രിയായ ഒരാൾ കോടതിയെ സമീപിക്കുന്നത് കേരളത്തിലാദ്യമായാണ്.  തോമസ് ചാണ്ടിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

ഈ സമീപനം  നേരത്തെ തന്നെ ശക്തമായ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. എൽഡിഎഫ് യോഗത്തിൽ സിപിഐയും ജെഡിഎസ്സും ഉന്നയിച്ച വിമർശനങ്ങളേക്കാൾ ശക്തമായിരുന്നു കോടതി നടത്തിയ പരാമർശങ്ങൾ. മന്ത്രിക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ലേ എന്നതു മുതൽ കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും കോടതി പറഞ്ഞു.

ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ മാർത്താണ്ഡം കായൽ കൈയേറി നികത്തിയെന്നാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണം. ഇത് സംബന്ധിച്ച കലക്‌റുടെ റിപ്പോർട്ട് കായൽ കൈയേറ്റം ഉണ്ടായി എന്നതായിരുന്നു. ഈ റിപ്പോർട്ടിലെ അഡ്വക്കറ്റ് ജനറലിന്രെ നിയമോപദേശവും മന്ത്രിക്കെതിരായിരുന്നു. എന്നാൽ മന്ത്രി റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കോടതി പരാമർശങ്ങളുണ്ടായത്

നേരത്തെ കോടതി ഈ കേസ് പരിഗണിച്ചപ്പോൾ തന്നെ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. സാധാരണക്കാരായിരുന്നെങ്കിൽ ബുൾഡോസർ ഉപയോഗിക്കുമായിരുന്നില്ലേ എന്നായിരുന്നു അന്ന് കോടതി ഉന്നയിച്ച ചോദ്യം. ഇന്ന് വീണ്ടും കോടതിയിൽ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ കോൺഗ്രസിന്രെ രാജ്യ സഭാ എംപിയായ വിവേക് തൻഖയാണ് ഹാജരായത്. എന്നാൽ രാവിലെ കടുത്ത പരാമർശങ്ങൾ നടത്തിയ കോടതി, കോടതിയെ കൂട്ടുപിടിച്ച് അധികാരത്തിൽ തുടരാനാണ് ശ്രമമോയെന്നും കോടതി ചോദിച്ചു. ഹർജി പിൻവലിക്കാമെന്നും കോടതി പറഞ്ഞു. ഡിവിഷൻ ബഞ്ചിൽ നിന്നും ഈ നിലപാട് ഉണ്ടായതിന് ശേഷവും ഹർജിയുമായി മുന്നോട്ട് പോകുകയായിരുന്നു തോമസ് ചാണ്ടി.

മന്ത്രിസ്ഥാനത്തെ കുറിച്ച് രാവിലെ പരാമർശം നടത്തിയ കോടതി ഉച്ചയ്ക്ക് ശേഷം കോടതി ഹർജി പരിഗണിച്ചപ്പോൾ രാജിയാണ് ഉത്തമം എന്ന പരാമർശവും നടത്തിയിരുന്നു. ഈ കേസ് സംബന്ധിച്ച് മുന്നണിയിൽ  ഒറ്റപ്പെട്ട തോമസ് ചാണ്ടിക്ക് കനത്ത പ്രഹരമാണ് കോടതിയിൽ നിന്നും ലഭിച്ചത്. അവസാനം ഡിവിഷൻ ബഞ്ച് ഹർജി തളളി. സർക്കാരിനെതിരെ ഇത്തരമൊരു ഹർജി കൊടുക്കാൻ മന്ത്രിക്ക് കഴിയുകയില്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബഞ്ച് ഹർജി തളളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ