കൊച്ചി: കൈയ്യേറ്റ വിവാദത്തിൽപ്പെട്ടുഴലുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതി പരാമർശം. സർക്കാരിനെ വെട്ടിലാക്കുന്നതാണ് കോടതിയുടെ പരാമർശം. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട കേസിൽ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് മന്ത്രി തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് കോടതി ചോദിച്ചത്. പാവപ്പെട്ടവരോടും ഇതേ നിലപാടാണോ. പാവപ്പെട്ടവാരണെങ്കിൽ ബുൾഡോസർ കൊണ്ട് ഒഴപ്പിക്കുകയല്ലേ ചെയ്യുന്നത്. സർക്കാരിന് എന്തിനാണ് ഇരട്ടത്താപ്പ് എന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചോദിച്ചു.

ഗതാഗത മന്ത്രി തോമസ ചാണ്ടിയുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂമി കൈയേറ്റ വിവാദം സർക്കാരിനെ പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്നതാകും ഈ പരാമർശം. തോമസ് ചാണ്ടി നൽകിയ രേഖകൾ പരിശോധിക്കണമെന്നും സർക്കാർ അഭിഭാഷകൻ, ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചതായും സർക്കാർ അഭിഭാഷകൻ അറിയിച്ചു. സ്റ്റേറ്റ് അറ്റോണി കെ.വി.സോഹനാണ് സർക്കാരിന് വേണ്ടി ഹാജരായത്.

സോളാർ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിനും കെ.എൻ.എ.ഖാദറിന്രെ സത്യപ്രതിജ്ഞയ്ക്കുമായി പ്രത്യേക നിയമസഭ നാളെ ചേരാനിരിക്കെയാണ് കോടതി പരാമർശം.

അതേസമയം, ഹർജിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് മന്ത്രി തോമസ് ചാണ്ടിയുടെ ഓഫിസ്. തുടർവാദങ്ങളിൽ സത്യം വെളിപ്പെടുമെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. എന്നാൽ കോടതി പരാമർശത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല.

കോടതി പരാമർശം പരിശോധിക്കട്ടെയെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്രെ പ്രതികരണം. പരാമർശം വിധിയുടെ ഭാഗമല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ