കൊച്ചി: കോർപ്പറേഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോർപ്പറേഷൻ സർക്കാരിന്റെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുമായി സഹകരിക്കുന്നില്ലന്ന് കോടതി പരാമർശിച്ചു. കോടതി ആവശ്യപ്പെട്ട രേഖകൾ നഗരസഭ നൽകുന്നില്ലന്നും കോടതി കുറ്റപ്പെടുത്തി.

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ കളക്ടറുടേയും നഗരസഭാ സെക്രട്ടറിയുടേയും സൂപ്രണ്ടിംഗ് എഞ്ചിനിയറുടേയും റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമർശനം.

അതിനിടെ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ നഗരസഭ കൗൺസിലും കോടതിയിൽ രംഗത്തുവന്നു. സെക്രട്ടറി കൗൺസിലിനെ വിശ്വാസത്തിലെടുക്കുന്നില്ലന്ന് കോർപറേഷന്റെ അഭിഭാഷകൻ കോടതിയിൽ ആരോപണമുയർത്തി. ഇതു മൂലം കൃത്യമായ വിവരങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിയുന്നില്ലന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യങ്ങളിലെല്ലാം ഒരാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോർപ്പറേഷൻ സെക്രട്ടറിയോട് കോടതി നിർദേശിച്ചു.

Read More: ഐസ്‌ക്രീം കഴിക്കാൻ അമ്മ വിസമ്മതിച്ചു, മകൻ നിർബന്ധിച്ചു; കാസർഗോഡ് കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് ആൽബിൻ

പേരണ്ടൂർ കനാലിലെ ചെളി മാറ്റുന്നതടക്കമുള്ള പ്രവൃത്തികളിലെ ക്രമക്കേടിൽ അന്വേഷണം വേണമെന്ന ഹർജിയിലും കോടതി നഗരസഭാ സെക്രട്ടറിയോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു.

കൂടാതെ, തൃശൂരിനെ കനത്ത ദുരിതത്തിലാഴ്ത്തുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ഹൈക്കോടതി നൽകിയ ഉത്തരവുകൾ പാലിക്കാതിരുന്ന സംസ്ഥാന സർക്കാരിനെയും കോടതി വിമർശിച്ചു. തൃശൂർ നഗരവാസികളെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ വർഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ വീണ്ടും രണ്ടാഴ്ച സാവകാശം ചോദിച്ച സർക്കാറിന്റെ അപേക്ഷ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ടി.കെ.ജോസ് ഐ.എ.എസിന് നോട്ടീസയക്കാൻ ഉത്തരവിട്ടത്.

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഫയലുകളിലെ കുറിപ്പുകളായി അവശേഷിക്കാതെ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് നെഞ്ചിൽ കൈ വെച്ച് പറയാൻ കഴിയുമോയെന്ന് സർക്കാർ അഭിഭാഷനോട് ചോദിച്ച കോടതി, ന്യായാധിപനും സർക്കാർ അഭിഭാഷകനുമെല്ലാം നാളെകളിൽ സാധാരണ പൗരന്മാരായി ആശ്രയം തേടി വരേണ്ടത് ഈ കോടതിയിലേക്ക് തന്നെയാണെന്ന് മറക്കരുതെന്ന് ഓർമിപ്പിച്ചു.

കനത്ത മഴയിൽ തൃശൂർ നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയ കേരള ഹൈക്കോടതി ഉത്തരവ് സംസ്ഥാന ഗവണ്മന്റും ജില്ലാ ഭരണകൂടവും നടപ്പിലാക്കാത്തതു ചൂണ്ടിക്കാണിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ എ. പ്രസാദ് ആണ് അഡ്വ.സി.ആർ. രഖേഷ് ശർമ്മ മുഖേന കേരള ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.