കൊച്ചി: ശബരിമല സന്നിധാനത്ത് തീര്‍ഥാടകരെ ദേവസ്വം വാച്ചര്‍ പിടിച്ചുതള്ളിയ സംഭവത്തില്‍ രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി. തീര്‍ഥാടകരെ തള്ളാന്‍ ഇയാള്‍ക്ക് ആരാണ് അനുവാദം നല്‍കിയതെന്നു കോടതി ചോദിച്ചു.
തിരക്ക് നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നു പറഞ്ഞ കോടതി, എങ്ങനെ ഇയാള്‍ ഭക്തരുടെ ദേഹത്ത് തൊടുമെന്നു ചോദ്യമുയര്‍ത്തി. ഈ പ്രവൃത്തിയെ എങ്ങനെ ന്യായീകരിക്കാനാകുമെന്നു ദേവസ്വം ബെഞ്ച് സര്‍ക്കാറിനോട് ആരാഞ്ഞു.
മണിക്കൂറുകള്‍ ക്യൂ നിന്നാണു ഭക്തര്‍ ദര്‍ശനത്തിനെത്തിയത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്? സംഭവം നീതികരിക്കാനാകാത്തതാണ്. മറ്റു പലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ? ആരോപണവിധേയന് മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്നും കോടതി ചോദിച്ചു.
മകരവിളക്ക് ദിവസം ദീപാരാധനയ്ക്കുശേഷം തീര്‍ഥാടകള്‍ ശ്രീകോവിലിനു മുന്നില്‍ തൊഴാനെത്തിയപ്പോഴാണു ദേവസ്വം വാച്ചര്‍ തള്ളിമാറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണു കോടതി സ്വമേധയാ പരിഗണിച്ചത്.
രാവിലെ ഹര്‍ജി പരിഗണിച്ച കോടതി സംഭവത്തില്‍ ശബരിമല സ്പെഷല്‍ കമ്മിഷണറോ പൊലീസിനും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഉച്ചകഴിഞ്ഞു കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സ്പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറും റിപ്പോര്‍ട്ട് നല്കി.
വാച്ചര്‍ക്കെതിരെ നടപടിയെടുത്തതായി സെക്യൂരിറ്റി ഓഫിസര്‍ കോടതിയെ അറിയിച്ചു. വാച്ചറുടെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് കോടതിക്കു കൈമാറി. കേസില്‍ വാച്ചറെ കക്ഷിയാക്കി. കേസ് 24നു വീണ്ടും പരിഗണിക്കും.
ശബരിമലയില്‍ ദേവസ്വം വാച്ചര്‍ തിരക്ക് നിയന്ത്രിച്ചത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണ്. തിരക്ക് എങ്ങനെ നിയന്ത്രിക്കണമെന്നതു സംബന്ധിച്ച് നിരവധി ഉത്തരവുകള്‍ കോടതി നേരെത്ത പുറപ്പെടുവിച്ചിരുന്നു. എല്ലാവര്ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കണമെന്നും ശ്രീകോവിലനു മുന്നില്‍ ആരേയും തള്ളിനീക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.