കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്നി ആരോപണത്തിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിജിലൻസ് ഡയറക്ടറുടെ വിശദീകരണം തേടി. പത്ത് ദിവസത്തിനകം വിജിലൻസ് വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് സുനിൽ തോമസ് ഉത്തരവിട്ടു.
ഇബ്രാഹിം കുഞ്ഞിനു ചുമതലയുള്ള സ്ഥാപത്തിന്റെ അക്കൗണ്ടിലേക്ക് നോട്ട് നിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്കുകളിൽ പണം നിക്ഷേപിച്ചെന്നും കണക്കിൽപ്പെടാത്ത ഈ പണത്തിന്റെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലന്നും അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. കളമശേരി സ്വദേശിയും പൊതു പ്രവർത്തകനുമായ ഗിരീഷ് ബാബുവാണ് ഹർജി സമർപ്പിച്ചത്.
ബാങ്കിൽ പണം നിക്ഷേപിച്ച സമയം പ്രധാനമാണന്നും 2016 ഒക്ടോബർ അവസാനം പാലം പണി പൂർത്തിയായെന്നും നവംബർ 15 നാണ് ബാങ്കിൽ പണം നിക്ഷേപിച്ചതെന്നും കണക്കിൽപ്പെടാത്ത പണത്തിന് ആദായനികുതി വകുപ്പ് രണ്ടരക്കോടി രൂപ പിഴ ഈടാക്കിയെന്നും ഹർജയിൽ പറയുന്നു.
പാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടന്ന് കേസിൽ പ്രതിയായ ടി.ഒ.സുരജ് വെളിപ്പെടുത്തിയിട്ടുണ്ടന്നും കണക്കിൽപ്പെടാത്ത ഈ പണമിടപാട് അന്വേഷണ ഏജൻസിക്ക് അറിയില്ലന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
Also Read: പാലാരിവട്ടം പാലം അഴിമതി: പ്രതികൾക്ക് ജാമ്യം, സുമിത് ഗോയൽ ലാപ് ടോപ്പ് പാസ് വേഡ് നൽകണം
കാര്യങ്ങൾ എല്ലാവർക്കും അറിയിയാമല്ലോയെന്നും വിവരങ്ങൾ അറിയിച്ചത് നല്ല കാര്യമാണന്നും കോടതി വാക്കാൽ പരാമർശിച്ചു. ഇബ്രാഹിം കുഞ്ഞിനു ചുമതലയുള്ള സ്ഥാപനത്തിലേക്ക് കൊച്ചിയിലെ രണ്ടു ബാങ്കുകളിൽ അഞ്ചുകോടി രൂപ വീതമാണ് നിക്ഷേപിച്ചത് .
അന്വേഷണത്തിന് തടസമില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് സർക്കാറിന്റെ അനുമതി തേടിയിരിക്കുകയാണന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
അതേസമയം പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഒന്നാം പ്രതിയും കരാർ കമ്പനി ആർഡിഎസിന്റെ മാനേജിങ് ഡയറക്ടറുമായ സുമിത് ഗോയൽ ലാപ് ടോപ്പിന്റെ പാസ് വേഡ് വിജിലൻസിനു കൈമാറണമെന്നു ഹൈക്കോടതി നിർദേശിച്ചു. സുമിത് ഗോയൽ അന്വേഷണവുമായി സഹകരിക്കുന്നില്ലന്നും ജീവനക്കാർ പാസ് വേഡ് കൈമാറുന്നില്ലന്നു പ്രോസിക്യൂഷൻ പറഞ്ഞിട്ടുണ്ടന്നും ഇക്കാര്യത്തിൽ ഉപാധികൾ ഏർപ്പെടുത്താവുന്നതാണന്നും ചുണ്ടിക്കാട്ടിക്കാട്ടിയാണു ഗോയൽ അടക്കമുള്ളവർക്കു ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചത്.