കൊച്ചി: കിഫ്ബിയുമായി ബന്ധപ്പെട്ട മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് സാവകാശം. അദ്ദേഹം അടുത്ത ബുധനാഴ്ച വരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച ഇ ഡി കേസിൽ നിലപാടറിയിക്കാൻ സാവകാശം തേടി.
കിഫ്ബിയുടെ എക്സ് ഓഫീഷ്യോ മെമ്പർ ആയതു കൊണ്ട് മാത്രം തന്നെ ചോദ്യം ചെയ്യാനോ, വ്യക്തിഗത വിവരങ്ങൾ ചോദിക്കാനോ ആവില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഐസക് വ്യക്തമാക്കി.
ഇപ്പോൾ, എന്തെങ്കിലും ലംഘനമുണ്ടോയെന്ന് അറിയാൻ വേണ്ടി മാത്രമാണ് നോട്ടീസ് നൽകിയിട്ടുള്ളത്. എന്ത് ലംഘനമാണെന്ന് ഇ.ഡി പറഞ്ഞാൽ മാത്രമേ ചോദ്യം ചെയ്യാൻ സാധിക്കൂവെന്നും തോമസ് വ്യക്തമാക്കി. സംശയം തോന്നിയാൽ ചോദ്യം ചെയ്തു കൂടെയെന്ന് കോടതി ആരാഞ്ഞു. ചോദ്യം ചെയ്യണോ എന്നുള്ള സംശയം മാത്രമാണ് ഇ.ഡിക്കുള്ളതെന്നും അത് നിയമപരമായി നിലനിൽക്കില്ലെന്നും ഐസക് ചൂണ്ടിക്കാട്ടി.
നിലവിൽ തന്നെ സംശയ നിഴലിൽ നിർത്തിയിരിക്കുകയാണ്. എന്തിന് സംശയിക്കുന്നുവെന്ന് അറിയില്ലെന്നും തോമസ് കോടതിയെ അറിയിച്ചു. കുറ്റാരോപിതൻ ആകണമെന്നില്ലെന്നും സാക്ഷിയായി കൂടെയെന്നും ജസ്റ്റിസ് വി ജി അരുൺ ചോദിച്ചു.
തോമസ് ഐസക്കിന്റെ സ്വകാര്യത ലംഘിക്കാനാവില്ല. പ്രാഥമിക ഘട്ടത്തിൽ ഇത്രയിലേറെ വ്യക്തിപരമായ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാനും കോടതി ഇഡിക്ക് നിർദേശം നൽകി.
രണ്ട് സമൻസുകളും രണ്ട് രീതിയിലാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഒരു സമൻസിൽ വ്യക്തിഗത കാര്യങ്ങൾ മാത്രമേ ചോദിക്കുന്നുള്ളൂ. രേഖകൾ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയിട്ടുണ്ട്. അത് അവരുടെ അവകാശമാണെന്ന് ഇ.ഡി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനെ വിശ്വാസത്തിൽ എടുക്കാൻ ഹർജിക്കാരന് സാധിക്കില്ലേ എന്ന് ഇ.ഡി ചോദിച്ചു.
വ്യക്തിഗത വിവരങ്ങൾ ഹാജരാക്കണമെന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് സമർപ്പിച്ച ഹർജിയാണ് ജസ്റ്റസ് വി.ജി.അരുൺ പരിഗണിച്ചത്. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.