കൊച്ചി: മേയ് ഒന്നു മുതൽ നാലുവരെ സംസ്ഥാനത്ത് ഒരു തരത്തിലുളള കൂടിച്ചേരലുകളും പാടില്ലെന്ന് ഹൈക്കോടതി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് കോടതി നിർദേശം. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണം. രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുതെന്നും പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
Read More: കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി
കോവിഡ്-19 രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ വോട്ടെണ്ണല്‍ സമയത്തും തുടര്‍ന്നുമുള്ള വിജയാഹ്ളാദ പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിരോധിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമബംഗാള്‍, അസം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് രണ്ടിനാണു നടക്കുന്നത്.
വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സർവകക്ഷി യോഗവും തീരുമാനിച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ പോകേണ്ടതില്ലന്നും സർവകക്ഷി യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാടുതന്നെയാണ് യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പ്രതിനിധികളും പങ്കുവച്ചതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വ്വകക്ഷിയോഗത്തിന്റെ പൊതു അഭ്യര്‍ത്ഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.