കൊച്ചി: തൊഴിലാളി യൂണിയനുകൾ നിയമം കയ്യിലെടുക്കുന്നത് തടയണമെന്ന് ഹൈക്കോടതി. ഇങ്ങനെ പോയാൽ കേരളത്തിൽ ആരും വ്യവസായം നടത്താൻ എത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം അഞ്ചലിൽ നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികൾ ഹോട്ടൽ നിർമാണം തടയുന്നതിനെതിരെ പൊലീസ് സംരക്ഷണം തേടിയുള്ള ഹർജിയിലാണ് കോടതിയുടെ പരാമർശം.
കേരളത്തിൽ നോക്കുകൂലി ഇല്ലെന്ന് പറയാനാവുമോയെന്ന് കോടതി ആരാഞ്ഞു. പൊലീസ് സംരക്ഷണം തേടി നിരവധി ഹർജികളാണ് കോടതിയിൽ എത്തുന്നത്. ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള ചരക്ക് വാഹനം തടഞ്ഞത് നല്ല പ്രവണതയല്ല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതെ വാക്കുകളിൽ പറഞ്ഞാൽ പോരാ. നോക്കുകൂലി അനുവദിക്കില്ലെന്ന നിലപാട് സർക്കാർ എടുക്കണം. എങ്കിൽ മാത്രമേ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ കേരളത്തിൽ വരികയുളൂ.
നോക്കുകൂലി നിരോധിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും നിരോധനം പൂർണമായി നടപ്പിലായില്ല. 2017 ൽ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്. പത്ത് വർഷം മുൻപ് സർക്കാരും നിരോധിച്ചു. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ സംഘട്ടനത്തിലേക്ക് പോകുന്നു. ഇത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കേണ്ടത്.
ട്രേഡ് യൂണിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. പൗരനെന്ന നിലയില്‍ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. നോക്കുകൂലി വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നു സർക്കാർ വ്യക്തമാക്കി. പരാതികളിൽ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
Read More: ‘ഹരിത’യുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അറസ്റ്റില്‍