കൊച്ചി: കോടതിയുടെ സംരക്ഷണ ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത് പൊലീസിന് നാണക്കേടെന്ന് ഹൈക്കോടതി. ഇങ്ങനെയാണെങ്കിൽ നാട്ടിൽ എങ്ങനെ കച്ചവടം നടത്താനാവുമെന്ന് കോടതി ചോദിച്ചു. സർക്കാരിന് എങ്ങനെ സുഗമമായ വ്യവസായ സാഹചര്യം ഒരുക്കാനാവുമെന്നും കോടതി ചോദിച്ചു. തൊടുപുഴയിലെ കടയുടമയ്ക്ക് മാർബിൾ ഇറക്കാൻ പൊലീസ് സംരക്ഷണം അനുവദിച്ചിട്ടും ലഭിച്ചില്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിന്റെ രൂക്ഷ പ്രതികരണം.

കയറ്റിറക്ക് നിയമം അനുസരിച്ച് കാർഡുള്ള സ്വന്തം തൊഴിലാളിയെ വച്ച് എവിടെയും ചരക്കിറക്കാൻ സംരഭകന് അവകാശമുണ്ട്. കുമളിയിലെ വർക്ക് സൈറ്റിൽ എത്തിച്ച കണ്ടെയ്നറിലെ മാർബിൾ ഇറക്കാൻ തൊടുപുഴയിലെ കൊച്ചിൻ ഗ്രാനൈറ്റ്സിന് കഴിഞ്ഞ മാസം 12 ന് കോടതി പൊലീസ് സംരക്ഷണം അനുവദിച്ചതാണ്. സിഐടിയു – ഐഎൻടിയുസി തൊഴിലാളികൾ ചരക്കിറക്കാൻ അനുവദിക്കുന്നില്ല. 32 ദിവസമായി ചരക്കിറക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കടയുടമ കോടതിയെ അറിയിച്ചു.

Read Also: സംസ്‌കൃത സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും എബിവിപിക്ക് തോല്‍വി

എന്തുകൊണ്ട് സംരക്ഷണം നൽകിയില്ലെന്ന കോടതിയുടെ ചോദ്യത്തിന് ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്നായിരുന്നു കോടതിയിൽ ഹാജരായ സിഐയുടെ മറുപടി. അത് കോടതിക്ക് ബാധകമല്ലെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കർശന നടപടി ഉണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസ് പരിഗണിക്കുന്ന ദിവസങ്ങളിൽ സർക്കിൾ ഇൻസ്പെക്ടർ നേരിട്ട് ഹാജരാവണമെന്നും കോടതി നിർദേശിച്ചു.

പൊലീസ് സംരക്ഷണ ഹർജികളിൽ എന്താണ് നടക്കുന്നതെന്ന് കോടതി കാണുന്നുണ്ട്. മുത്തൂറ്റിന് സംരക്ഷണം നൽകാൻ നിർദേശിച്ചിട്ടും ഇത് തന്നെയാണ് നടന്നതെന്നും കോടതി പറഞ്ഞു. ഒരു പൊലിസ് കോൺസ്റ്റബിൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും കോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.