കൊച്ചി: ശബരിമല യുദ്ധമുഖമാക്കിയതിൽ ഹർജിക്കാർക്കും പങ്കെന്ന് ഹൈക്കോടതി. സമാധാന ശ്രമങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ പൊലീസുമായി സഹകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമലയിലെ അറസ്റ്റല്ല പരിഗണനാ വിഷയമെന്നും പ്രായമായവരേയും കുട്ടികളേയും സന്നിധാനത്തു നിന്നും ഇറക്കിവിടരുതെന്നും നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവരോട് അത് പൂർത്തിയായതിനു ശേഷമേ പോകാൻ പറയാകൂവെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ശബരിമലയിലെ പൊലീസ് നടപടിയിൽ ഹൈക്കോടതി അതൃപ്തിയറിയിച്ചു. സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനെന്ന് കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ മറവിൽ പൊലീസ് അതിക്രമം നടക്കുന്നു. സ്ത്രീകളും കുട്ടികളും അടക്കമുളളവർക്ക് മർദ്ദനമേറ്റു. ശബരിമലയിൽ പൊലീസ് അതിര് കടക്കുന്നു. കർശന നിയന്ത്രണത്തിന് പൊലീസിന് ആരാണ് നിർദേശം നൽകിയത്. സന്നിധാനത്ത് കയറരുതെന്ന് ഭക്തരോട് പറയാൻ പൊലീസിന് എന്തവകാശമെന്നും കോടതി ചോദിച്ചു.

ശബരിമലയിൽ ഇപ്പോഴുളള പൊലീസുകാർ ക്രൗഡ് മാനേജ്മെന്റിന് യോഗ്യരാണോ എന്ന് അറിയിക്കണം. ശബരിമലയിൽ നിയോഗിച്ച പൊലീസുകാരുടെ വിവരം നൽകണം. സന്നിധാനത്ത് അയപ്പന്മാരെ തങ്ങാൻ അനുവദിക്കാത്തത് ആരെന്ന് വിശദീകരിക്കണം. ഭക്തർക്ക് കുടിവെളളവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം. ഭക്തരെ ബന്ദിയാക്കി സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലെ നിലവിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകണം കോടതി നിർദേശിച്ചു. കോടതി ഉത്തരവ് അനുസരിച്ച് എജി നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചു.

15,000 ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ്‌പി, എഎസ്‌പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും. ഡിവൈഎസ്‌പി തലത്തില്‍ 113 പേരും ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരും എസ്‌ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുന്നത്. 12,562 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.