കൊച്ചി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. രാജാ വിജയരാഘവന്റെ ഉത്തരവ്.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കുകയോ സ്‌കൂള്‍ തലത്തില്‍ മാര്‍ക്ക് വിലയിരുത്തി ഫലം പ്രഖ്യാപിക്കുകയോ വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമായില്ലന്നും ചില വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
എന്‍സിആര്‍ടിയുടെ സഹായത്തോടെ പ്രധാനമായും ചോദ്യങ്ങള്‍ വരാവുന്ന പാഠഭാഗങ്ങള്‍ നേരത്തെ അറിയിച്ചിരുന്നുവെന്നും ചോദ്യങ്ങള്‍ ഈ ഭാഗങ്ങളില്‍ നിന്നായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷം ഇരട്ടി ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും പകുതി ഉത്തരങ്ങള്‍ എഴുതിയാലും മുഴുവന്‍ മാര്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പരീക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജൂലൈ അവസാനം തന്നെ പ്ലസ് ടു ക്ലാസുകള്‍ അവസാനിപ്പിച്ച് ഒന്നര മാസം പഠനത്തിന് അവസരമൊരുക്കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എന്‍ട്രന്‍സ്, പത്താം ക്ലാസ്, പ്ലസ് ടു, എന്‍ജിനീയറിങ് പരീക്ഷകള്‍ മാനദണ്ഡം പാലിച്ച് നടത്തിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ വിശദീകരണം കണക്കിലെടുത്താണ് ഹര്‍ജികള്‍ കോടതി തള്ളിയത്.
Also Read: ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി
പ്ലസ് വണ്‍ പരീക്ഷ ഈ മാസം ആറു മുല്‍ 16 വരെ നടത്തുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. പുതുക്കിയ ടൈം ടേബിള്‍ പ്രകാരം ആറു മുതല്‍ 27 വരെയാണു പരീക്ഷ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഏഴു മുതല്‍ 27 വരെയാണ്. ഒരു പരീക്ഷ കഴിഞ്ഞാല്‍ കുറഞ്ഞത് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്തത് എന്ന തരത്തിലാണ് ടൈം ടേബിള്‍ ക്രമീകരിച്ചിരിക്കുന്നത്.