കൊച്ചി: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. കൊലക്കേസുകളും വിവാഹമോചനക്കേസുകളും കെട്ടിക്കിടക്കുമ്പോൾ ഇത്തരം ഹർജികൾ അംഗീകരിക്കാനാവില്ലെന്നും പിഴ ചുമത്തിയത് പാഠമാവണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. പിഴ ലീഗൽ സർവിസ് അതോറിറ്റിയിൽ അടയ്ക്കണം.
സർട്ടിഫിക്കറ്റിലെ പ്രധാനമന്തിയുടെ ചിത്രം മൗലികാവശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി മാലിയാപറമ്പിൽ പീറ്റർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്.
ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നു കോടതി പറഞ്ഞു. തീര്‍ത്തും ബാലിശമായ ഹര്‍ജിക്കു പിന്നിൽ, പൊതുതാല്‍പര്യമല്ല, പ്രശസ്തി താല്പര്യമാണെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് പറഞ്ഞു.
മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അമേരിക്കയുടെ പ്രധാനമന്ത്രിയല്ല. മോദി അധികാരത്തിൽ വന്നത് ജനവിധിയിലൂടെയാണ്, കുറുക്കു വഴിയിലൂടെയല്ലെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള ഒരു സ്ഥാപനത്തിൽ നിങ്ങൾ എന്തുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും ആ സ്ഥാപനത്തിന്റെ പേര് മാറ്റാൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും കോടതി ആരാഞ്ഞു.
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിനു പ്രസക്തിയില്ലെന്നും മറ്റു രാജ്യങ്ങളുടെ സർട്ടിഫിക്കറ്റിൽ ഇത്തരം ചിത്രങ്ങളില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പൊതുപണം ഉപയോഗിച്ചുള്ള പരസ്യങ്ങളിൽ, സുപ്രീം കോടതി മാർഗനിർദേശ പ്രകാരം വ്യക്തികൾക്കു നേട്ടങ്ങൾ ആഘോഷിക്കാനാവില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
Also Read: രഞ്ജിത്ത് വധക്കേസ്: നാലുപേർ കസ്റ്റഡിയിലെന്ന് സൂചന; രക്തക്കറയുള്ള ബൈക്കുകൾ കണ്ടെത്തി
നിങ്ങളുടെ പ്രധാനമന്തിയെ ഓർത്ത് നിങ്ങൾക്കെന്തിനാണ് നാണം? നൂറ് കോടിയോളം ജനങ്ങൾ ഇക്കാര്യത്തിൽ ശബ്ദമുയർത്താത്തപ്പോൾ നിങ്ങൾക്കെന്തിനാണ് ഇത്തരമൊരു പരാതിയെന്നും പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ടിവിയിൽ കാണുമ്പോൾ നിങ്ങൾ കണ്ണടയ്ക്കുമോയെന്നും കോടതി ആരാഞ്ഞു.
ടിവി കാണുമ്പോൾ എനിക്ക് കണ്ണടയ്ക്കാം, എന്നാൽ സർട്ടിഫിക്കറ്റ് തന്റെ സ്വകാര്യ ഇടമാണെന്നായിരുന്നു ഹർജിക്കാരന്റെ മറുപടി.