/indian-express-malayalam/media/media_files/uploads/2021/06/High-Court-of-Kerala-FI.jpg)
കൊച്ചി: കണ്ണുർ യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിൽ ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് കേരള ഹൈക്കോടതി. പുനർ നിയമനം സുതാര്യവും സത്യസന്ധവുമാണന്ന് കോടതി വിലയിരുത്തി.
സർവകലാശാല ചട്ടപ്രകാരം പുനർ നിയമനത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ആദ്യ നിയമനം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചായിരുന്നുവെന്നും വീണ്ടും നിയമനത്തിന് ചട്ടത്തിൽ വ്യവസ്ഥയുണ്ടെന്നും കോടതി വ്യക്തമാക്കി.
നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയും ഹൈക്കോടതി തള്ളി. നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് വിളിച്ചു വരുത്തണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി നിരസിച്ചു.
വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് അമിത് റാവൽ നിരസിച്ചത്.
ഹർജിയിൽ ആരോപിക്കും പോലെയുള്ള സുതാര്യതക്കുറവ് ഇല്ലാത്തതിനാൽ വിസിയെ നീക്കാൻ നിർദേശിക്കാനാവില്ലന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഹർജി നിലനിൽക്കില്ലന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഉത്തരവ്.
പുതിയ നിയമനമല്ല, പുനർ നിയമനമാണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നവംബറിൽ വിരമിക്കേണ്ട വൈസ് ചാൻസലറുടെ പ്രായം 60 കഴിഞ്ഞെന്നും യൂണിവേഴ്സിറ്റി ചട്ടങ്ങൾ പ്രകാരം വിസിക്ക് തുടരാനാവില്ലന്നും ചുണ്ടിക്കാട്ടിയായിരുന്നു ഹർജി.
Also Read: കണ്ണൂർ വിസി നിയമനം: മാധ്യമ വാർത്തകൾ ബാധകമല്ലെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.