കൊച്ചി: കത്തോലിക്കാ സഭയുടെ കാനൻ നിയമം വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചെലവു സഹിതം ഈടാക്കിയാണ് ഹർജി കോടതി തള്ളിയത്. ഹർജിക്കാരനോട് പതിനായിരം രുപ കോടതി ചെലവ് അടയ്ക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശി എം.എസ്.അനൂപാണ് ഹർജിയുമായി കോടതി സമീപിച്ചത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ, സീറോ മലബാർ സഭ, സീറോ മലങ്കര സഭ, ഭാരത കത്തോലിക്കാ മെത്രാൻ സമിതി എന്നിവരെ എതിർ കക്ഷികളാക്കി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത് . സീറോ മലബാർ സഭയിലെ വാവാദ ഭൂമി ഇടപാടും സഭയിലെ ആഭ്യന്തര സമിതിയുടെ അന്വേഷണവും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കോടതി നടപടികളുടേയും പശ്ചാത്തലത്തിലായിരുന്നു ഹർജി.

വത്തിക്കാന്റെ തലവനായ മാർപാപ്പയാണ് കാനൻ നിയമം നിർമിച്ചിട്ടുള്ളത്. വിദേശ രാജ്യത്തിന്റെ തലവൻ ഇന്ത്യയിലെ പള്ളികളും സ്വത്തുക്കളും ഭരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും സിവിൽ നിയമത്തിനും എതിരാണന്നു പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

ഹർജി നിലനിൽക്കില്ലന്ന് സർക്കാർ അറിയിച്ചു. ഹർജിക്കാരന് ഈ വിഷയത്തിൽ എന്ത് കാര്യമെന്ന് ചോദിച്ച കോടതി ഹർജി ഫയൽ ചെയ്യാൻ അവകാശമില്ലന്നും വ്യക്തമാക്കി. ഭരണഘടന പ്രകാരം എല്ലാവർക്കും അവരുടേതായ അവകാശങ്ങൾ ഉണ്ടന്നും ഭൂമി വിൽപ്പന അടക്കമുള്ള ഇടപാടുകൾ രാജ്യത്തെ സിവിൽ നിയമ പ്രകാരമാണ് നടക്കുന്നതെന്നും കോടതി ചുണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.