scorecardresearch
Latest News

കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സിനിമയെങ്ങനെയാണ് വിഭാഗീയത സൃഷ്ടിക്കുന്നതെന്ന് കോടതി ചോദിച്ചു

kerala story, movie, ie malayalam
The-kerala-story

കൊച്ചി: വിവാദമായ കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയുണ്ടെന്നും സിനിമ ജനം വിലയിരുത്തിക്കോളുമെന്നും കോടതി വ്യക്തമാക്കി. ചരിത്രപരമായ സിനിമ അല്ലല്ലോയെന്നും സിനിമയെങ്ങനെയാണ് വിഭാഗീയത സൃഷ്ടിക്കുന്നതെന്നും കോടതി ചോദിച്ചു.

കേരളം മതേതരത്വം ഉയർത്തിക്കാണിക്കുന്ന സംസ്ഥാനമെന്ന് പറഞ്ഞ കോടതി നിർമാല്യം സിനിമയെക്കുറിച്ചും പരാമർശിച്ചു. നിർമാല്യം സിനിമ ഇറങ്ങിയിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല. ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ച സിനിമ ഇറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും കോടതി പറഞ്ഞു. ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെയല്ലേ പരാമര്‍ശം?. ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ
എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് ജസ്റ്റിസുമാരായ എൻ.നഗരേഷും സോഫി തോമസും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. സിനിമയുടെ ടീസർ മാത്രം കണ്ടുള്ള വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് രണ്ട് ഹർജിക്കാർക്കായി ഹാജരായത്. കേസിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട ഹർജികൾ സുപ്രീം കോടതി കഴിഞ്ഞ ദിവസങ്ങളിൽ നിരസിച്ചിരുന്നു. പ്രദർശനം തടയണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും ഇന്നലെ
തള്ളിയിരുന്നു.

കേരളത്തിൽ ഉൾപ്പടെ ഇന്ത്യയൊട്ടാകെയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ മതതീവ്രവാദം വ്യാപകമായി നടക്കുന്നു എന്ന് പറയുന്ന ചിത്രത്തിന്റെ ട്രെയിലർ വലിയ ചർച്ചകൾക്കും വിവാദങ്ങളും തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ആളുകൾ ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിച്ചിരുന്നു. 

ബംഗാളി സംവിധായകൻ സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആണ്. നാടക രംഗത്തു നിന്നും വിനോദ വ്യവസായ രംഗത്തെത്തിയ ആളാണ് ഗുജറാത്തിലെ കച്ച് സ്വദേശി വിപുൽ ഷാ. ഇന്ന് ബോളിവുഡിലെ പ്രധാന നിർമ്മാതാക്കളിൽ ഒരാളാണ് ഇദ്ദേഹം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: High court rejected the plea to stop the screening of kerala story movie