കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഉള്ളടക്കത്തിൽ ആക്ഷേപമുണ്ടെങ്കിൽ പരാതിക്കാരിക്ക് പൊലീസിനെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് കളമശേരി എസ്എംഐ കോൺവെന്റിലെ സിസ്റ്റർ ലിഷ്യ ജോസഫാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഹർജിക്കാരി അധികൃതർക്ക് പരാതി നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിവൃത്തി തേടി പൊലീസിനെ സമീപിക്കാമെന്നും പൊലീസ് നടപടി എടുത്തില്ലങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം നൽകാമെന്നും കോടതി വ്യക്തമാക്കി.

Also Read: സദാചാരബോധത്തിനും മാന്യതയ്ക്കും നിരക്കാത്തത്; സിസ്റ്റർ ലൂസിയുടെ ആത്മ കഥ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി

ഹർജിക്കാരി ഹൈക്കോടതിയെ നേരിട്ട് സമീപിച്ചിരിക്കുകയാണന്നും അധികൃതർക്ക് പരാതി നൽകാതെ പുസ്തകം പിടിച്ചെടുക്കാൻ എങ്ങനെ നിർദേശിക്കാനാവുമെന്നും കോടതി ആരാഞ്ഞു. ഹർജി നിലനിൽക്കില്ലെന്നും അധികൃതർക്ക് പരാതി നൽകാതെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണെന്നും സർക്കാരും കോടതിയെ അറിയിച്ചു.

പുസ്തകത്തിന്റെ ഉള്ളടക്കം കന്യാസ്ത്രീകൾക്കും കത്തോലിക്കാ വിശ്വാസികൾക്കും അങ്ങേയറ്റം അപകീർത്തികരമാണെന്നും നിരോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളും പുരോഹിതരും ലൈംഗിക അരാജകത്വത്തിൽ ഏർപ്പെട്ട് സദാചാര വിരുദ്ധ ജീവിതം നയിക്കുകയാണെന്ന് പുസ്തകത്തിലൂടെ പ്രചരിപ്പിക്കുന്നുവെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.

Also Read: പുറത്താക്കിയ നടപടി റദ്ദാക്കണം; വീണ്ടും അപ്പീലുമായി സിസ്റ്റര്‍ ലൂസി കളപ്പുര

പുസ്തകം സദാചാര ബോധത്തിനും മാന്യതയ്ക്കും നിരക്കാത്തതും പൊതുബോധത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണ്. കത്തോലിക്കാ സഭയെക്കുറിച്ച് പൊതുസമൂഹത്തിലുംപ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലും സദാചാര ബോധമുള്ളവരിലും നേരായ ജീവിതം നയിക്കുന്നവർക്കിടയിലും തെറ്റായ സന്ദേശമാണ് പുസ്തകം പ്രചരിപ്പിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ഡിസംബർ 17 ന് എറണാകുളം ടൗൺ ഹാളിലാണ് പുസ്തക പ്രകാശനം. സിസ്റ്റർ ലൂസി, ജസ്റ്റിസ് കെമാൽ പാഷ, എം.എൻ.കാരശ്ശേരി, അഭിഭാഷകരായ ജയശങ്കർ, ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുക്കും. മാനന്തവാടി രൂപതയിലെ കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റർ ലൂസിയെ സഭാചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് സഭ പുറത്താക്കിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.