കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. പാലത്തിന് ഭാരപരിശോധന നടത്താനാവാത്ത സാഹചര്യമാണുള്ളതെന്നും പൊതു സുരക്ഷ കണക്കിലെടുക്കാതെയാണ് ഭാരപരിശോധനയ്ക്ക് കോടതി നിർദേശിച്ചതെന്നുമുള്ള സർക്കാരിന്റെ വാദം കോടതി തള്ളി. കരാറിൽ പരിശോധനയ്ക്ക് വ്യവസ്ഥ ഉണ്ടെന്ന് കോടതി ആവർത്തിച്ചു.

ഭാരപരിശോധന ആവശ്യമുണ്ടെന്ന് സർക്കാരിന് തോന്നിയാൽ മാത്രം നടത്തിയാൽ മതിയെന്നും വിദഗ്ധർ അടങ്ങുന്ന സമിതിയുടെ നിർദേശം ചോദ്യം ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നുമായിരുന്നു സർക്കാർ വാദം. പാലവുമായി ബന്ധപ്പെട്ട കരാർ സർക്കാരും കാരാറുകാരനും തമ്മിലുള്ളതാണെന്നും അതിൽ പൊതുതാൽപ്പര്യം ഇല്ലെന്നുമുള്ള സർക്കാർ വാദവും കോടതി നിരസിച്ചു.

Read Also: പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി

പൊതുപണം മുടക്കിയാണ് പാലം നിർമിച്ചതെന്നും അതുകൊണ്ട് തന്നെ പൊതുതാൽപ്പര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. സർക്കാരിന് ഇഷ്ടമുള്ള ഏജൻസിയെ വച്ച് മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്താനും ചെലവ് കരാറുകാരനിൽനിന്ന് ഈടാക്കാനുമായിരുന്നു കോടതിയുടെ നിർദേശം.

പരിശോധന നടത്താനാവാത്ത വിധം പാലം അപകടത്തിലാണെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പാലം പോലുള്ള നിര്‍മിതികള്‍ക്ക് ഭാരപരിശോധന ഒഴിവാക്കാനാവാത്ത മാനദണ്ഡമാണന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. ഭാരപരിശോധന നടത്താതെ പാലം പൊളിക്കരുതെന്നാവശ്യപ്പെട്ട് കരാര്‍ കമ്പനിയും കൊച്ചിയിലെ സ്ട്രക്ച്ചറല്‍ എൻജിനിയേഴ്‌സ് അസോസിയേഷനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.