കൊച്ചി: സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. അഗ്ലീല ദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാവുന്ന സാഹചര്യമാണുള്ളതെന്നും കോടതി പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ക്കു ബോധവല്‍ക്കരണം നല്‍കണം. നീലച്ചിത്രങ്ങള്‍ കൗമാരക്കാരെ വഴിതെറ്റിക്കുന്നുണ്ടെന്നു കോടതി പറഞ്ഞു.
ഗര്‍ഭിണികളാവുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു കോടതി സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞിരിക്കുന്നത്. ഇത്തരം കേസുകളിൽ പലതിലും അടു ബന്ധുക്കളാണു പ്രതികളാവുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
നമ്മുടെ സ്കൂളുകള്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ച് അധികൃതര്‍ പുനരവലോകനം നടത്തേണ്ട സമയമാണിത്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കോടതി പറഞ്ഞു.
പതിമൂന്നുകാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്കിയ ഉത്തരവിലാണു കോടതിയുടെ പരാമര്‍ശങ്ങള്‍. 30 ആഴ്ച പിന്നിട്ട ഗര്‍ഭം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത സഹോദരനാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സമാനമായ മറ്റൊരു കേസില്‍ ആറു മാസം പിന്നിട്ട ഗര്‍ഭം അവസാനിപ്പിക്കാന്‍ ഇതേ ബഞ്ച് 16ന് അനുമതി നല്‍കിയിരുന്നു. പോക്സോ കേസിലെ ഇരയായ പതിനഞ്ചുകാരിയുടെ ഗര്ഭഛിദ്രത്തിനാണു കോടതി അന്ന് അനുമതി നല്‍കിയത്.
24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലന്നിരിക്കെ സവിശേഷ അധികാരം വിനിയോഗിച്ചാണ് കോടതിയുടെ ഉത്തരവ്.
സമാനമായ മറ്റൊരു കേസില്‍ സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസ് നിര്‍ദേശിച്ചിരുന്നു.