കൊച്ചി: ലേക് പാലസ് റിസോർട്ടിനായി കായൽ കൈയേറിയ കേസിൽ കേരള ഹൈക്കോടതിയിൽ തോമസ് ചാണ്ടിക്ക് തിരിച്ചടി. മന്ത്രിയുടെ ഹർജി സർക്കാരിനെതിരെയാണെന്ന് നിരീക്ഷിച്ച കോടതി രൂക്ഷമായ വിമർശനങ്ങളോടെ ഹർജി തള്ളി. അതേസമയം, എൻസിപിയുടെ സംസ്ഥാന സമിതി യോഗവും മന്ത്രി രാജിവയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്ററും ആലപ്പുഴ ജില്ലാ പ്രസിഡന്റും ഒഴികെ മറ്റെല്ലാവരും ഒന്നടങ്കം ഈ ആവശ്യം ഉന്നയിച്ചു.

സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാത്ത മന്ത്രിയെ അയോഗ്യനാക്കേണ്ട സാഹചര്യമാണ് ഇതെന്ന് കോടതി അറിയിച്ചു. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താൻ അംഗമായ സർക്കാരിനെതിരെ എങ്ങനെ ഹർജി നൽകാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങി അതിനെ നേരിടാന്‍ തയ്യാറാകണമെന്നും കോടതി വിമര്‍ശിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അവസരം നല്‍കിയെങ്കിലും മന്ത്രി ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറായില്ല.

ഒരു വ്യക്തി എന്ന നിലയിലാണ് ഹര്‍ജി എന്നാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഹര്‍ജിയുടെ തുടക്കത്തില്‍ ‘ഒരു മന്ത്രിയെന്ന നിലയില്‍ പരാതി നല്‍കുന്നു’ എന്നാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഹര്‍ജി നിലനില്‍ക്കുമോ എന്ന് സര്‍ക്കാര്‍ തന്നെ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒരു മന്ത്രിക്ക് പ്രത്യേക പരിഗണന ഇല്ലെന്നും കോടതി അറിയിച്ചു.

‘മന്ത്രി തന്നെ എങ്ങനെ ഭരണസംവിധാനത്തെ ചോദ്യം ചെയ്യും? മന്ത്രിക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ലേ? നിഷ്കളങ്കനാണെങ്കില്‍ കലക്ടര്‍ക്ക് മുമ്പിലാണ് തെളിയിക്കേണ്ടത്. കോടതിയെ കൂട്ടുപിടിച്ച് ഭരണത്തില്‍ തുടരാന്‍ ശ്രമിക്കേണ്ട. നിങ്ങള്‍ തെറ്റ് ചെയ്തു എന്ന് കോടതി പറയുന്നില്ല. എന്നാല്‍ നിങ്ങളുടെ കേസ് കോടതിയില്‍ നിലനില്‍ക്കില്ല. ഒരു വ്യക്തി എന്ന നിലയില്‍ എങ്ങനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയുമെന്നും’ കോടതി ചോദിച്ചു.

ഇതിന് പിന്നാലെ സര്‍ക്കാര്‍ അഭിഭാഷകനും തോമസ് ചാണ്ടിക്കെതിരെ നിലപാട് വ്യക്തമാക്കി. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയത് ശരിയായ നടപടിയല്ലെന്ന് സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി. ഭൂമി നികത്തിയതില്‍ ക്രമക്കേട് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ട് തളളണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സത്യവാങ്മൂലം നല്‍കിയത്. കോടതിയുടെ പരിഗണനയിലുളള വിഷയം കൈകാര്യം ചെയ്ത കലക്ടറുടെ നീക്കം കോടതി അലക്ഷ്യമാണെന്നും റിപ്പോര്‍ട്ട് തളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിക്കെതിരായ ജില്ലാ കലക്ടർ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമ‍ര്‍ശങ്ങളാണുളളത്. വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമികൈയേറ്റം നടത്തിയതായി കലക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി ഡയറക്ടർ ബോർഡ് അംഗമാണ് തോമസ് ചാണ്ടി. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിർമിച്ചതിലും നിയമലംഘനം നടന്നായി കലക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ