കൊച്ചി: സ്കൂളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലാതെ കേസ്
എങ്ങനെ തെളിയിക്കുമെന്ന് ഹൈക്കോടതി. അധ്യാപകരുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. പോസ്റ്റ്‌മോർട്ടം നടന്നിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചപ്പോഴാണ് കേസ് എങ്ങനെ തെളിയിക്കുമെന്ന് കോടതി ആരാഞ്ഞത്.

പൊതുജനാഭിപ്രായം കണക്കിലെടുക്കാനാവില്ലെന്നും ഉത്തരവ് വസ്തുതകളുടെ അടിസ്ഥാനത്തിലേ പുറപ്പെടുപ്പിക്കാനാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി. വസ്തുതാപരമായ തെളിവുകൾ ഇല്ലാതെ പ്രതികളുടെ കുറ്റകരമായ അനാസ്ഥ എങ്ങനെ കണ്ടെത്താനാവുമെന്നും കോടതി ചോദിച്ചു.

സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മാത്രമാണുള്ളതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനോ ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് പിതാവ് അറിയിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

കേസിൽ വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. അധ്യാപകരായ സി.വി ഷജിൽ, കെ.കെ മോഹനൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ബുധനാഴ്ച പരിഗണിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.