കൊച്ചി: ഡിജിപി ടി.പി.സെൻകുമാറിനെ നിരീക്ഷിക്കാനാണോ ടോമിൻ ജെ.തച്ചങ്കരിയെ പൊലീസ് അഡ്മിനിസ്ട്രേഷൻ എഡിജിപിയായി നിയോഗിച്ചതെന്ന് ഹൈക്കോടതി. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്താണെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഡിജിപിയായി ടി.പി.സെൻകുമാറിനെ നിയമിക്കുന്നതിന് മുൻപ് പൊലീസ് സേനയിൽ നടത്തിയ കൂട്ടസ്ഥലം മാറ്റം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം.

സെൻകുമാറിനെ നിരീക്ഷിക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത്തരത്തിലൊരാളെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. തച്ചങ്കരിക്കെതിരായ കേസുകളുടെ വിശദാംശങ്ങളും ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം സംബന്ധിച്ചുമുള്ള വിവരങ്ങളും രേഖാമൂലം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.

ആലപ്പുഴ സ്വദേശി ജോസഫാണ് ടോമിൻ ജെ.തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സംസ്ഥാന പോലീസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തകയില്‍ നിയമിച്ചതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. ടോമിന്‍ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ