കൊച്ചി: ഓൺലൈൻ ക്ലാസിന് അധിക ഫീസ് ഈടാക്കാനുള്ള സ്കൂളിന്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലം കരുനാഗപ്പള്ളിയിലെ ശ്രീബുദ്ധ സെൻട്രൽ സ്കൂളാണ് വിദ്യാർഥികളിൽ നിന്നും വാർഷിക ഫീസിനൊപ്പം ഓൺലൈൻ ക്ലാസിന് കൂടി ഫീസ് നൽകണമെന്നാവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്തത് രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

അതേസമയം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതു കാരണം വിദ്യാർഥിനി ആത്മത്യ ചെയ്ത സംഭവം ഹൃദയഭേദകമെന്ന് ഹൈക്കോടതി. ഓൺലൈൻ ക്ലാസ്സുകൾക്ക് അധിക ഫീസ് ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ്
സി.എസ്.ഡയസിന്റെ പരാമർശം. ഹർജി ഡിവിഷൻ ബഞ്ചിന് വിട്ടു.

Also Read: ഓൺലൈൻ ക്ലാസ് ട്രയൽ ഒരാഴ്ചത്തേക്കു കൂടി നീട്ടാൻ മന്ത്രിസഭാ തീരുമാനം

വിദ്യാഭ്യാസ അവകാശ നിയമം നിലവിലുള്ള രാജ്യത്ത് വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാണെന്നും കോവിഡ് കാലത്തു രാജ്യത്തെ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടിവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിലെ പൊതുതാൽപര്യം മുൻനിർത്തി ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഹർജിക്കാരിൽ നിന്നും ഓൺലൈൻ ക്ലാസ്സുകൾക്ക് അധിക ഫീസ് ഈടാക്കുന്നത് സ്റ്റേ ചെയ്തു.

Also Read: ഓണ്‍ലൈന്‍ പഠനം: കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ഹൈടെക്ക് ചെലവുകള്‍

അതേസമയം, സ്കൂൾ വിദ്യാർഥികൾക്കായി തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ട്രയൽ ഒരാഴ്ചത്തേക്കു കൂടി നീട്ടാൻ മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജൂൺ ഒന്നിനാണ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത്. രണ്ടു ലക്ഷത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിൽ പങ്കെടുക്കുന്നതിനുളള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് ട്രയൽ ഒരാഴ്ചത്തേക്കു കൂടി നീട്ടിയത്. ക്ലാസുകൾ ആർക്കും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞുപോയ ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ പുനഃസംപ്രേഷണം ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.