കൊച്ചി: സാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. അഞ്ച് ലക്ഷം രൂപ ഫീസായും ബാക്കി ആറ് ലക്ഷം രൂപ ബോണ്ടായും കെട്ടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 25നുളളില്‍ ഒഴിവുളള സീറ്റുകളുടെ വിവരം വൈബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. കൂടാതെ 31ന് പ്രവേശനം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രവേശന പരീക്ഷാ കമ്മീഷണറേയും സര്‍ക്കാരിനേയും ഹൈക്കോടതി ശാസിച്ചിരുന്നു.

സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ കളിപ്പാവയായി മാറുന്നുവെന്ന് കോടതി പറഞ്ഞു. പല കോളെജുകളെയും സഹായിക്കാന്‍ ശ്രമം നടക്കുന്നതായും കോടതി നിരീക്ഷിച്ചു.കോടതി വിധികള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടാന്‍ തയ്യാറാവണമെന്നും കോടതി ഓര്‍മിപ്പിച്ചു.

ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിച്ചു പലരും സ്വന്തം കീശ വീർപ്പിക്കുന്നു. കമ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഫ്യൂഡൽ സമീപനം പ്രതീക്ഷിച്ചില്ലെന്നും കോടതി വിമർശിച്ചു.

സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസിനെയും ഫീസ് നിർണയ സമിതി ഘടനയെയും ചോദ്യം ചെയ്ത് കോഴിക്കോട് കെ.എം.സി.ടി, പാലക്കാട് കരുണ, മാഞ്ഞാലി എസ്.എൻ അടക്കമുള്ള സ്വാശ്രയ കോളേജുകൾ നൽകിയ ഹർജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിമർശനം.

സുപ്രീം കോടതിയുടെ ഉത്തരവുകൾ പോലും നടപ്പാക്കാൻ വിസമ്മതിക്കുന്ന എൻട്രൻസ് കമ്മിഷണർ കോടതിയലക്ഷ്യ നടപടികൾ വിളിച്ചു വരുത്തരുത്. കോടതിയുടെ ഉത്തരവുകൾ പാലിക്കാതിരിക്കാൻ കമ്മിഷണർക്ക് ആരാണ് അധികാരം നൽകിയതെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ