കൊച്ചി: എറണാകുളത്ത് വീടുവിട്ടു പോയ രണ്ടു പെണ്‍കുട്ടികളെ കണ്ടെത്താന്‍ പൊലീസ് പണം വാങ്ങിയെന്ന ആരോപണത്തിൽ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
പണം വാങ്ങിയതടക്കമുള്ള ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി അടുത്ത മാസം പതിനൊന്നിനകം സമഗ്ര റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് തേടണമെന്നും അമിക്കസ് ക്യൂറി എസ് രാജീവ് നിര്‍ദേശിച്ചു. വാങ്ങിയ പണം തിരികെ നല്‍കിയതായി സിറ്റി പൊലിസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മാതാവിന്റെ മൊഴിയുണ്ടെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
കോടതി നിര്‍ദേശിച്ചാല്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് സര്‍ക്കാരും വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടറെ കോടതി കേസില്‍ സ്വമേധയാ കക്ഷിചേര്‍ത്തു.
Also Read: ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരായ ബലാത്സംഗ കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു
പെണ്‍കുട്ടികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ ഡൽഹി സ്വദേശികളായ ദമ്പതികളോട് പൊലീസ് പണം ആവശ്യപ്പെട്ടെന്നും സഹോദരങ്ങളെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് സ്വമേധയാ എടുത്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അന്വേണത്തിനായി ഡൽഹിയിലേക്കു പോകാനുള്ള വിമാന ടിക്കറ്റ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ വിനോദ് കൃഷ്ണ പെൺകുട്ടികളുടെ മാതാപിതാക്കളെക്കൊണ്ട് എടുപ്പിച്ചതായി സിറ്റി പൊലീസ് കമ്മിഷണറുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് എ എസ് ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ദമ്പതികളോട് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നും വഴങ്ങാതായപ്പോൾ ഇവരുടെ ആൺമക്കളെ കേസിൽ കുടുക്കിയെന്നും ആരോപണമുയർന്നിരുന്നു.