കൊച്ചി: വാളയാറില്‍ സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കീഴ്‌കോടതി വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. പ്രതികൾക്ക് കോടതി വാറന്റ് പുറപ്പെടുവിച്ചു. അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയിൽ ഹാജരാക്കിയതിന് ശേഷം വിചാരണക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവ്‌ റദ്ദാക്കണമെന്നും പുനഃരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സർക്കാരും പെൺകുട്ടികളുടെ മാതാവും സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വാളയാര്‍ കേസില്‍ തുടരന്വേഷണം വേണം, പുനര്‍വിചാരണ വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

Read More: രാജ്യത്ത് കൊറോണ ബാധിതർ കൂടുതൽ മഹാരാഷ്ട്രയിൽ, പലരും ദുബായ് സന്ദർശിച്ചവർ

പ്രോസിക്യൂഷന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് പ്രതികളെ വെറുതെ വിടാന്‍ ഇടയാക്കിയതെന്നും, വേണ്ടത്ര തെളിവുകള്‍ പരിഗണിച്ചിരുന്നില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. ഈ വാദഗതികള്‍ പരിഗണിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ ഹര്‍ജി പരിഗണിക്കവെയാണ് ആറ് പേരെയും അറസ്റ്റ് ചെയ്ത് കീഴ്‌കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കീഴ്‌കോടതിയില്‍ ഹാജരാക്കുന്ന ഇവര്‍ക്ക് ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2017 ജനുവരി 13 നാണ് ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ പതിമൂന്നുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസുളള സഹോദരിയെ ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മാർച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. മൂത്ത പെൺകുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.