കൊച്ചി: തനിച്ചു താമസിക്കുന്ന പൗരൻമാർക്കും കിടപ്പു രോഗികൾക്കും വീടുകളിൽ എത്തി വാക്സിൻ നൽകാൻ ഹൈക്കോടതി നിർദശം. പത്ത് ദിവസത്തിനകം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജനമൈത്രി പൊലീസും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ പരിധിയിലുള്ള മുതിർന്ന പൗരൻമാരേയും കിടപ്പ് രോഗികളേയും കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.
പാലക്കാട്ട് കോവിഡ് ബാധിതനായ, തനിച്ച് താമസിച്ചിരുന്ന മുതിർന്ന പൗരൻ ചികിൽസ കിട്ടാതെ മരിക്കാനിടയായ സാഹചര്യം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ചൂണ്ടിക്കാണിച്ചത് കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. അഭിഭാഷകരേയും ഗുമസ്തൻമാരേയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ നൽകാനും പത്ത് ദിവസത്തിനകം നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.
Read More: സർക്കാരിന് കിട്ടാത്ത വാക്സിൻ എങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കുന്നത്: ഹൈക്കോടതി
ജുഡീഷ്യൽ ഓഫീസർമാരേയും കോടതി ജീവനക്കാരേയും മുൻഗണന പട്ടികയിൽപെടുത്തിയതു കൊണ്ട് മാത്രം കാര്യമില്ലെന്നും അഭിഭാഷകരും ഗുമസ്തൻമാരും നിയമ വ്യവസ്ഥയുടെ ഭാഗമാണെന്നും ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.