കൊച്ചി: കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഹർജിയിൽ ചെലവന്നൂർ കായൽ അളന്നു തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കലക്ടർക്കും തീരദേശ പരിപാലന അതോറിറ്റിക്കും കോടതിയുടെ നിർദേശം. കായൽ കയ്യേറി വൻകിട ഫ്ലാറ്റുകൾ നിർമ്മിച്ചിരിക്കുകയാണന്നും പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

പഴയ സർവ്വേ, റീ സർവ്വേ, ഉപഗ്രഹ സർവ്വേ എന്നിവയുടെ അടിസ്ഥാനത്തിലാവണം സർവ്വേ. കായൽ അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം പ്രത്യേകം അടയാളപ്പടുത്തി സ്കെച്ച് കോടതിക്ക് കൈമാറണമെന്നും നിർദേശം നൽകി. വേമ്പനാട്ട് കായലിന്റെ ഭാഗമായ ചെലവന്നൂർ കായലിന്റെ തീരത്ത് മരട്, കൊച്ചി കോർപ്പറേഷൻ പരിധികളിലാണ് കയ്യേറ്റവും അനധികൃത നിർമ്മാണവും കണ്ടെത്തിയത്.

Read: കൊച്ചി മരട് നഗരസഭയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവ്

മരട് മുനിസിപ്പാലിറ്റിയിൽ തീരപരിപാലനിയമം ലംഘിച്ച് പണിത 5 വൻകിട ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ സുപ്രീം കോടതി രണ്ടാഴ്ച മുമ്പ് ഉത്തരവിട്ടിരുന്നു. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

മരട് മുൻസിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയത്. പിന്നീട് മരട് നഗരസഭ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതു മറികടന്നു കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ് ചെയ്തത്. തുടർന്നാണ് തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന് കാട്ടി നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും കെട്ടിട നിർമ്മാതാക്കൾക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.