കൊച്ചി: പോക്സോ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. കുമ്പളം മുട്ടിങ്കൽ സഫർ ഷായെ ആണ് അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ പുനഃപരിശോധനാ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സഫർ ഷാക്ക് കോടതി മേയ് 12ന് ജാമ്യം അനുവദിച്ചിരുന്നു. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ലെന്ന് പ്രതിഭാഗം കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണ് ജാമ്യം ലഭിക്കാൻ കാരണമായത്. കേസിൽ 90 ദിവസം മുമ്പ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യം പ്രോസിക്യൂഷനും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല.

Read Also: പ്രവാസികളുടെ ക്വാറന്റെെൻ ചെലവ്; ഹർജിയിൽ ഇടപെടാതെ ഹെെക്കോടതി

കോവിഡ് സാഹചര്യം ഉണ്ടായിട്ടും പൊലീസ് യഥാസമയം കുറ്റപത്രം സമർപ്പിച്ചെന്നും പ്രതിയുടെ ജാമ്യം കീഴ്ക്കോടതി തള്ളിയ വിവരം പ്രതിഭാഗം മറച്ചുവച്ചെന്നും സർക്കാർ ബോധിപ്പിച്ചു. വസ്തുതകൾ കോടതിയെ ധരിപ്പിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ബോധപൂർവ്വമല്ലാത്ത വീഴ്ച സംഭവിച്ചുവെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാർ വാദത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. പുനഃപരിശോധനാ ഹർജി കൂടുതൽ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി.

അതേസമയം, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിഭാഗം അഭിഭാഷകൻ നിരുപാധികം മാപ്പ് പറഞ്ഞു. തന്റെ പരിചയക്കുറവുകൊണ്ട് സംഭവിച്ചതാണെന്നായിരുന്നു അഭിഭാഷകന്റെ വിശദീകരണം. മാപ്പപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

പ്രണയം നടിച്ചു വശത്താക്കിയ 17 കാരിയെ പീഡിപ്പിക്കുകയും ഗർഭിണിയായ പെൺകുട്ടിയെ വാൽപ്പാറയിൽ കൊണ്ടുപോയി കൊലപ്പെടുത്തിയെന്നുമാണ് കേസ്. ജനുവരി 7നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.