കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കാരിയർമാരാക്കി ലഹരി കടത്തുന്ന റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരത്തിലുള്ള ലഹരി കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണന്നും ഗൗരവത്തോടെ കാണണമെന്നും ഗൂഡ സംഘങ്ങളെ കണ്ടെത്തിയില്ലങ്കിൽ നിരപരാധികളായ ചെറുപ്പക്കാർ ഇനിയും ഇരകളാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.

കേസിൽ കോടതി ക്രൈംബ്രാഞ്ച് അന്വേഷണം നിർദേശിച്ചു. കുവൈറ്റിൽ ജോലിക്ക് പോയ മകന്റെ ബാഗേജിൽ നിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തെന്നും മകൻ ജയിലിലാണെന്നും മോചനത്തിന് നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി നായരമ്പലം സ്വദേശിയായ പിതാവ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് വി.ജി.അരുൺ പരിഗണിച്ചത്.

Also Read: ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ, അസ്വാഭാവികതയില്ലെന്ന് സിബിഐ; സോബിക്കെതിരെ കേസെടുക്കും

മകന് സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്തയാൾ വിമാനത്താവളത്തിൽ വെച്ച് മറ്റൊരാളെ ഏൽപ്പിക്കാൻ ബാഗ് കൈമാറിയെന്നും ബാഗിൽ ലഹരി വസ്തു ഉണ്ടെന്ന വിവരം മകന് അറിയില്ലായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. ബാഗിൽ നിന്ന് ലഹരിവസ്തു കണ്ടെടുത്ത കുവൈറ്റ് പൊലിസ് മകനെ ജയിലിടച്ചുവെന്നും നിരപരാധിത്വം തെളിയിക്കുന്ന അന്വേഷണ റിപോർട്ട് ഹാജരാക്കിയാൽ വിട്ടയക്കാമെന്ന് അറിയിച്ചിട്ടുണ്ടന്നും ബോധിപ്പിച്ചു.

Also Read: വാളയാർ കേസ്: സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് പെൺകുട്ടികളുടെ മാതാവ്

ആന്റണി എന്നയാളാണ് മകന് ബാഗേജ് കൈമാറിയതെന്നും പൊലിസിന് നൽകിയ പരാതിയിൽ അന്വേഷണം എങ്ങുമെത്തിയില്ലന്നും പിതാവ് ബോധിപ്പിച്ചു. പരാതിയിൽ സത്യമുണ്ടന്ന് നിരീക്ഷിച്ച കോടതി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് കുവൈറ്റ് അധികൃതർക്ക് കൈമാറാനും
നിർദ്ദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.