കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. വിഷയത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിഷയത്തില്‍ ഉചിതമായ അധികാരകേന്ദ്രങ്ങള്‍ തന്നെ തീരുമാനമെടുക്കട്ടെ എന്ന് ഹൈക്കോടതി പറഞ്ഞു. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമ അധ്യക്ഷയായ സമിതിയാണ് ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Read More: അക്രമ സ്വഭാവമുള്ള ആനയെ ഉത്സവത്തിന് എഴുന്നെള്ളിച്ചാലുള്ള ബുദ്ധിമുട്ട് വളരെ വലുതായിരിക്കും: വനംമന്ത്രി
അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കോടതി ഇടപെട്ട ശേഷം അന്തിമ തീരുമാനമെടുക്കാം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. എന്ത് തീരുമാനമെടുക്കണമെന്ന് ഉടന്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെക്കേ ഗോപുരനട തുറക്കുന്ന ചെറിയ ചടങ്ങ് മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നടത്തുന്നത്. അതിന് സാധ്യമാണോ എന്ന് സർക്കാർ വിലയിരുത്തും. ജനങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ലാത്ത തരത്തിൽ തെച്ചിക്കോട്ടുകാവിനെ ചടങ്ങിനെ എഴുന്നള്ളിപ്പിക്കാൻ സാധിക്കുമോ എന്ന് സർക്കാർ ആലോചിക്കുമെന്ന് ജില്ലയിൽ നിന്നുള്ള മന്ത്രിയായ വി.എസ്.സുനിൽ കുമാർ വ്യക്തമാക്കി.
Read More: തൃശൂര്‍ പൂരം വെടിക്കെട്ട് പതിവുപോലെ; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അതീവ ജാഗ്രത
അതേസമയം, പൂരം എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവിനെ പങ്കെടുപ്പിക്കരുതെന്നുള്ളതാണ് ജില്ലാ കളക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ട്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഒരു കണ്ണിന് കാഴ്ചയില്ലെന്നും മറ്റേ കണ്ണിന് കാഴ്ച കുറവാണെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ ആന സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. ആനയ്ക്ക് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പൂരത്തിന് എഴുന്നള്ളിക്കരുതെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ നിലപാട്. രാമചന്ദ്രനെ വിലക്കിയുള്ള ഉത്തരവ് പുനഃപരിശോധിക്കില്ല എന്ന് ജില്ലാ കളക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില അതീവ മോശമാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടുണ്ട്. തെച്ചിക്കോട്ടുകാവിനെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൃശൂര്‍ പൂരത്തിന് ആനയെ എഴുന്നള്ളിക്കാന്‍ സാധിക്കാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് വിലയിരുത്തല്‍.
തെച്ചിക്കോട്ടുകാവിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. ആനയെ അമിതമായി ജോലി ചെയ്യിക്കുന്ന അവസ്ഥയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് ദിവസത്തിനിടെ 750 മണിക്കൂര്‍ വരെ ആനയെ യാത്ര ചെയ്യിപ്പിച്ച സന്ദര്‍ഭങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റെക്കോര്‍ഡുകള്‍ പ്രകാരം ആനയ്ക്ക് 54 വയസാണ് കാണിക്കുന്നത്. എന്നാല്‍, ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ അതിനേക്കാള്‍ പ്രായമുണ്ടാകാനുള്ള സാധ്യതകളാണ് കാണുന്നത്.
ആനയ്ക്ക് വലിയ രീതിയില്‍ ദഹന പ്രശ്‌നങ്ങളുണ്ട്. ദഹന പ്രശ്‌നങ്ങളാണ് പ്രായം വളരെ കൂടുതലാകാന്‍ സാധ്യതയുള്ളതിന് തെളിവായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആനയ്ക്ക് സാധാരണ കാഴ്ച ശക്തി പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. തെച്ചിക്കോട്ടുകാവിന് വലത് കണ്ണിന് കാഴ്ച ശക്തിയില്ല. ഒറ്റക്കണ്ണ് കൊണ്ടാണ് ചുറ്റുപാടും നോക്കികാണുന്നത്. അതിനാല്‍ തന്നെ അക്രമാസക്തനാകാന്‍ സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല, ജോലി ഭാരം കുറച്ചും യാത്രകള്‍ ഒഴിവാക്കിയും തെച്ചിക്കോട്ടുകാവിന് പൂര്‍ണ വിശ്രമം അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.