കൊച്ചി: സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ സിബിഎസ്ഇയുടെ മാർഗനിർദേശങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും നടപ്പാക്കണം. ബന്ധപ്പെട്ട അധികൃതർ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വിദ്യാലയങ്ങളിൽ നോട്ടിസ് നൽകിയോ അല്ലാതെയോ പ്രതിവാര പരിശോധനകൾ നടത്താനും ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് നിർദേശിച്ചു. സ്കൂൾ ബാഗുകളുടെ അമിത ഭാരം വിദ്യാർഥികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ ഡോ. ആന്റണി സിറിയക് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

Also Read: കൊറോണ വൈറസ്: കരുതലോടെ കേരളം; ഐസൊലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു

സിബിഎസ്ഇ സ്കൂളുകൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് നടപടി എടുക്കുന്നുണ്ടെന്ന് ബോർഡ് അറിയിച്ചെങ്കിലും പരിശോധന ഒന്നും ഇല്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സർക്കാർ -എയ്ഡഡ് – അൺ എയ്ഡഡ് മേഖലയിൽ ഒരു നിയന്ത്രണവും ഇല്ലന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Also Read: മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ ജെസിബി ഡ്രൈവർ തലയ്ക്കടിച്ചു കൊലപ്പെടുത്തി

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ ചില നിർദേശങ്ങൾ വ്യക്തമാക്കി മനുഷ്യാവകാശ കമ്മിഷൻ 2016 ഓഗസ്റ്റ് അഞ്ചിന് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റി. ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ടു നിർമിച്ച ബാഗുകൾ ഉറപ്പാക്കാൻ ഹെഡ്മാസ്റ്റർക്ക് നിർദേശം നൽകി. വാട്ടർ ബോട്ടിലുകൾ ഒഴിവാക്കി കുട്ടികൾക്ക് കുടിക്കാൻ ക്ലാസ് മുറികളിൽ തന്നെ കുടിവെള്ളം ലഭ്യമാക്കാനും, വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും സർക്കാർ ഉത്തരവ് നിലവിലുണ്ട്. കുട്ടികളുടെ ബാഗ് പരിശോധിച്ച് അനാവശ്യ സാധനങ്ങൾ ക്ളാസിൽ കൊണ്ടു വരുന്നില്ലെന്ന് ടീച്ചർമാർ ഉറപ്പാക്കാനും സർക്കാർ നിർദേശമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.