കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതില്‍ ചോദ്യവുമായി ഹൈക്കോടതി. എങ്ങനെയാണ് സ്‌ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്നു കോടതി ആരാഞ്ഞു.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ല. അധ്യാപക നിയമനത്തിനു മികവില്‍ വിട്ടുവീഴ്ച പാടില്ല. സര്‍വകലാശാലയ്ക്കു മറ്റൊരു നിലപാടാണെന്ന് തോന്നുന്നതായും കോടതി പറഞ്ഞു.
പ്രിയയ്ക്കു യോഗ്യതയില്ലെന്നും നിയമനം പുന:ക്രമികരിക്കണമെന്നും ആവശ്യപ്പെട്ട് റാങ്ക് പട്ടികയില്‍ രണ്ടാമതുള്ള ചങ്ങനാശേരി എസ് ബി കോളജിലെ പ്രൊഫ. ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ഹര്‍ജി നാളത്തേക്കു മാറ്റി.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപനപരിചയം പ്രിയാ വര്‍ഗീസിനില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, പ്രിയ വര്‍ഗീസിന്റെ നിയമനം ഓഗസ്റ്റ് 22നു സ്റ്റേ ചെയ്തിരുന്നു. കേസില്‍ യു ജി സിയെ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന്, പ്രിയയ്ക്കു മതിയായ യോഗ്യതയില്ലെന്നു യു ജി സി കോടതിയെ അറിയിച്ചു. പ്രിയയുടെ നിയമനത്തില്‍ ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്നാണ് യു ജി സി അറിയിച്ചത്. ഇതിനു പിന്നാലെ നിയമനം ഒരു മാസത്തേക്കു കൂടി കോടതി സ്‌റ്റേ ചെയ്തിരുന്നു.
പ്രിയ വര്‍ഗീസിന് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതോടെയാണു ഹര്‍ജിക്കാരനായ ജോസഫ് സ്‌കറിയ റാങ്ക് പട്ടികയില്‍ രണ്ടാമതായത്. 2018 ലെ യുജിസി വ്യവസ്ഥ അനുസരിച്ച് റിസര്‍ച്ച് സ്‌കോറും അംഗീകൃത പ്രസിദ്ധീകരണങ്ങളും പരിശോധിക്കാതെയാണു വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സെക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണു പ്രിയ വര്‍ഗീസിന് ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്നാണു ഹര്‍ജിക്കാരന്റെ ആരോപണം.
വിഷയത്തില്‍ സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്കു നല്‍കിയ പരാതി നല്‍കിയതിനു പിന്നാലെ പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റദ്ദാക്കിയിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വാദം തള്ളിക്കൊണ്ടായിരുന്നു ഗവര്‍ണര്‍ റാങ്ക് പട്ടിക റദ്ദാക്കിയത്. പിയ വര്‍ഗീസിന് മതിയായ യോഗ്യതയുണ്ടെന്നാണു യൂണിവേഴ്‌സിറ്റിയുടെ നിലപാട്.