കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കേണ്ടി വരുമെന്നതു വസ്തുതയാണെന്നു ഹൈക്കോടതി. അഴിമതിക്കേസിൽ അന്വേഷണം തടസ്സപ്പെടുത്താൻ താൽപര്യമില്ലെന്ന് ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി. അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.
കേസ് ഡയറിയും അനുബന്ധ രേഖകളും മുദ്രവച്ച കവറിൽ വെള്ളിയാഴ്ച ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് നിർദേശിച്ചു. വെള്ളിയാഴ്ചക്കകം രേഖകൾ കോടതിക്ക് കൈമാറണം. ലാബ് റിപ്പോർട്ടുകളും ഹാജരാക്കണം. റിപ്പോർട്ട് വിശദമായി പരിശോധിക്കേണ്ടതുണ്ടന്ന് കോടതി വ്യക്തമാക്കി
പാലം പൊളിക്കാൻ തീരുമാനമെടുത്തു കഴിഞ്ഞതായി സർക്കാർ കോടതിയെ അറിയിച്ചു. മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സുരജിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നു വിജിലൻസ് കോടതിയെ അറിയിച്ചു. ഇതിനായി അന്വേഷണ ഏജൻസി മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ അനുമതി തേടിയതായും വിജിലൻസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.
പാലം പൊളിക്കൽ രാഷ്ട്രീയ നാടകമാണെന്നായിരുന്നു പ്രതികളുടെ അഭിഭാഷകന്റെ വാദം. മുൻകൂർ തുക അനുവദിച്ചത് സർക്കാരാണ്. മുൻകൂറായി അനുവദിച്ച എട്ടേകാൽ കോടി രൂപ നാലു ഗഡുക്കളായി ഏഴ് ശതമാനം പലിശ സഹിതം തിരിച്ചുപിടിച്ചെന്നും ഏഴു കോടി കരാറുകാരന് ഇനിയും കിട്ടാനുണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
പാലം അഴിമതി വിവാദമായതോടെ കരാർ കമ്പനി നശിച്ചെന്ന് എംഡി സുമിത് ഗോയലിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. ആൻഡമാനിലടക്കം 600 കോടിയുടെ കരാർ നഷ്ടമായെന്നും അഭിഭാഷകൻ പറഞ്ഞു. കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എംടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോൾ, നാലാം പ്രതിയും മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടിഒ സൂരജ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണു കോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നതു വെള്ളിയാഴ്ചത്തേക്കു മാറ്റിവച്ചു.
ടി.ഒ.സുരജിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകി. വിജലൻസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.
പാലാരിവട്ടം പാലം പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. സർക്കാർ സത്യവാങ്മൂലം നൽകണം. പാലം പൊളിക്കൽ നടപടി ഒക്ടോബർ 10 വരെ പാടില്ലെന്ന് കോടതി വാക്കാൽ സർക്കാരിന് നിർദേശം നൽകി. പാലം പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശി കെ.ജാഫർ ഖാൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
Read More: പാലാരിവട്ടം പാലം അഴിമതി; വി.കെ.ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും
പാലം അപകടാവസ്ഥയിലാണന്നും വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പുനർനിർമിക്കാൻ തീരുമാനിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഭാര പരിശോധന നടത്താതെയാണ് പാലം പൊളിക്കുന്നതെന്ന ഹർജിക്കാരുടെ വാദം സർക്കാർ തള്ളി. അപകടത്തിലായ പാലത്തിലൂടെ വാഹനം കടത്തി വിട്ട് അപകടമുണ്ടായാൽ ആര് സമാധാനം പറയുമെന്ന് സർക്കാർ ചോദിച്ചു.
ഹർജിക്കാരുടെ വാദങ്ങളിൽ മൊത്തം വൈരുധ്യങ്ങളാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ഭാരപരിശോധന നടത്തിയില്ലെന്ന് പറയുന്ന ഹർജിക്കാർ വാഹനം കയറ്റി വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെടുന്നതിനൊപ്പം ടെൻഡർ വിളിക്കാതെയാണ് പുനർനിർമാണമെന്നും കോടതി പറഞ്ഞു. സർക്കാർ തീരുമാനം സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണോയെന്ന് മാത്രമാണ് പരിശോധിക്കാനുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.