കൊച്ചി: പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കടുത്ത നിലപാടുമായി ഹൈക്കോടതി. വ്യവസായി സാജന്റെ മരണം നടുക്കവും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി ജൂലൈ 15 നകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കോടതിക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

ആന്തൂരിൽ 15 കോടിയോളം രൂപ മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ പ്രവർത്തനാനുമതി വൈകിപ്പിച്ചതിൽ മനംനൊന്ത് ഉടമ പാറയിൽ സാജൻ ജീവനൊടുക്കിയ സംവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമർശങ്ങളും ഉത്തരവും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ എടുത്ത കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന് കൈമാറുകയായിരുന്നു.

Read Also: പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ.ശ്യാമളക്കെതിരെ സിപിഎം

എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് കോടതി പറഞ്ഞു. നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ടൗൺ പ്ലാനർ അനുമതി നൽകിയതായി കാണുന്നുണ്ട്. പ്രവാസി മലയാളിയുടെ മരണം സമൂഹത്തിന് നൽകിയത് തെറ്റായ സന്ദേശമാണ്.  പദ്ധതികളിൽ പണം മുടക്കുന്നവർക്ക് ഇത്തരം സംഭവങ്ങൾ  നിരാശയാണ് നൽകുന്നത്. സംരംഭകർക്കിടയിൽ ആശങ്ക നിലനിൽക്കുകയാണന്നും കോടതി ചൂണ്ടിക്കാട്ടി.

അപേക്ഷകളിൽ തീരുമാനമാകാതെ, ആളുകൾ ഗത്യന്തരമില്ലാതെ അലയുന്നത് കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഒരാൾ ആത്മഹത്യ ചെയ്യുന്നത് അപൂർവ്വമാണ്. മുനിസിപ്പാലിറ്റിയുടെ കർക്കശ നിലപാടാണ് മരണത്തിന് കാരണമെന്ന് മനസിലാക്കാനാവുമെന്ന് കോടതി വ്യക്തമാക്കി. മരിച്ചയാളെ തിരിച്ചു കൊണ്ടുവരാനാവില്ല. അധികൃതർ ഉചിതവും ഫലപ്രദവുമായ നടപടികൾ എടുക്കുകയാണങ്കിൽ അത് സമൂഹത്തിന് പ്രതീക്ഷ നൽകുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു.  സർക്കാർ, ആന്തൂർ മുനിസിപ്പാലിറ്റി, ടൗൺ പ്ലാനർ എന്നിവരെ എതിർകക്ഷികളാക്കിയാണ് കോടതി കേസെടുത്തിട്ടുള്ളത്. നഗരസഭാ സെക്രട്ടറിയും സർക്കാരും കാര്യങ്ങൾ വിശദീകരിക്കണമെന്ന് കോടതി ഉത്തരവിൽ നിർദേശിച്ചു.

Read Also: പ്രവാസി സംരഭകന്റെ ആത്മഹത്യ; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമളയ്‌ക്കെതിരെ സിപിഎം ജില്ലാ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്യാമളക്കെതിരെ നടപടി വേണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നതായാണ് സൂചന. ശ്യാമളക്കെതിരായ നടപടി അടുത്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റി വിളിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായിയുടെ ആത്മഹത്യയില്‍ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്നും നടപടി വേണമെന്നുമുള്ള നിലപാടിലാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം. കൊറ്റാളി സ്വദേശി സാജന്‍ പാറയിലിനെ ജൂണ്‍ 18 ന് പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വാസി സംരംഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രി എ.സി.മൊയ്തീനാണ് ഇക്കാര്യം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നഗരസഭ സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കു പുറമേ കലേഷ്, അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. നഗരസഭ അധ്യക്ഷയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സാജന്റെ ഭാര്യ ആവശ്യപ്പെട്ടാല്‍ പൊലീസ് അന്വേഷിക്കാന്‍ തയ്യാറാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also: പൊന്നേ ചതിക്കല്ലേ…!; സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഓഡിറ്റോറിയത്തിന് അനുമതി വൈകുന്നതില്‍ നഗരസഭാ അധ്യക്ഷയായ ശ്യാമളയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സാജന്റെ കുടുംബം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെ ശ്യാമള തള്ളിക്കളഞ്ഞിരുന്നു. നഗരസഭയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ് അനുമതി വൈകാന്‍ കാരണമെന്നുമാണ് ശ്യാമള പറഞ്ഞത്. കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്നുമാണ് നഗരസഭാ അധികൃതര്‍ വിശദീകരണം നൽകിയത്.

അതേസമയം, ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ വീട്ടില്‍ സിപിഎം നേതാക്കളായ പി.ജയരാജന്‍, എം.വി.ജയരാജന്‍, പി.കെ.ശ്രീമതി എന്നിവര്‍ സന്ദര്‍ശനം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സിപിഎം നേതാക്കള്‍ സാജന്റെ വീട്ടിലെത്തിയത്. സിപിഎമ്മിലെ ഗ്രൂപ്പ് പോരാണ് ആരോപണങ്ങളില്‍ കലാശിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് സിപിഎം നേതാക്കള്‍ വ്യവസായിയുടെ വീട് സന്ദര്‍ശിച്ചത്.

കഴിഞ്ഞ വര്‍ഷം കൊല്ലം പുനലൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് വലിയ വിവാദമായിരുന്നു. സിപിഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു. പ്രവാസിയായ സുഗതനെ നിര്‍മാണത്തിലിരിക്കുന്ന തന്റെ വര്‍ക്ഷോപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിലം മണ്ണിട്ട് നികത്തിയാണ് വര്‍ക്ഷോപ്പിനുള്ള ഷെഡ് കെട്ടിയതെന്ന് ആരോപിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടിനാട്ടിയിരുന്നു. ഇതില്‍ മനംനൊന്താണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. ഒരു വര്‍ഷത്തിനിപ്പുറമാണ് സമാന സംഭവം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.