കൊച്ചി: തിരുവനന്തപുരത്തെ ലുലു ഇന്റർനാഷണൽ മാളിന്റെ നിർമാണത്തിൽ പ്രഥമദൃഷ്ട്യാ ചട്ടലംഘനങ്ങൾ കാണുന്നില്ലെന്ന് ഹൈക്കോടതി. ലുലു മാൾ ഡയറക്ടർ എം.എ.നിഷാദ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും, ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ വാക്കാലുള്ള പരാമർശം.

ഹർജിക്കാരനായ എം.കെ.സലിമിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സാവകാശം അനുവദിച്ചു. മാളിന്റെ നിർമാണത്തിൽ ചട്ടവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്ന് ലുലു സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ചട്ടപ്രകാരം ഇരുപതിനായിരം ചതുരശ്ര മീറ്ററിന് മുകളിലുള്ള നിർമാണങ്ങൾ ‘ബി’ വിഭാഗത്തിൽപെടുമെന്നും അനുമതി നൽകാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും ലുലു ബോധിപ്പിച്ചു.

Read Also: ‘ലൗ ജിഹാദ്’; മുസ്ലീങ്ങളുടെ വീട്ടിലെ പശുക്കളെ തിരിച്ചെടുക്കണമെന്ന് ബിജെപി നേതാവ്

തീരപരിപാലന നിയമവും ലംഘിച്ചിട്ടില്ല. കായലിൽ നിന്നുള്ള നിയമാനുസൃത ദൂരപരിധി 100 മീറ്ററാണെന്നും ആക്കുളം കായലിൽ നിന്ന് മാളിന് 300 മീറ്ററിൽ അധികം ദൂരമുണ്ടെന്നും സത്യവാങ്മൂലത്തിൽ ചുണ്ടിക്കാട്ടുന്നു. കയ്യേറ്റമില്ലെന്നും റവന്യൂ വകപ്പിന്റെ അതിർത്തി കല്ലുകൾക്കകത്താണ് നിർമാണമെന്നും ലുലു വിശദീകരിച്ചു. രണ്ടര ലക്ഷത്തി നാൽപ്പതിനായിരം ചതുരശ്രമീറ്ററുള്ള മാൾ പാരിസ്ഥിതികാനുമതി ലംഘിച്ചാണ് നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.

തിരുവനന്തപുരത്ത് പാർവതി പുത്തനാറിന്റെ തീരത്ത് നിർമിക്കുന്ന മാൾ ചട്ടം ലംഘിച്ചാണ് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി എം.കെ.സലിം സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പാർവതി പുത്തനാറിൽ മലിനീകരണം ഉണ്ടാകുന്നുണ്ടെന്നും കയേറ്റമുണ്ടന്നും ചതുപ്പു നിലത്തിലാണ് നിർമാണമെന്നുമാണ് ഹർജിയിലെ ആരോപണം. പ്രദേശത്ത് കുടിവെള്ള ക്ഷാമമുണ്ടന്നും ഹർജിയിൽ പറയുന്നു. രണ്ട് ലക്ഷത്തി നാൽപ്പതിനായിരത്തി നാനൂറ് ചതുരശ്ര മീറ്ററാണ് മാളിന്റെ വിസ്തീർണം.

രണ്ടരലക്ഷം ചതുരശ്ര മീറ്റർ വരുന്ന നിർമിതി തീരപരിപാലന നിയമത്തിലെ കാറ്റഗറി എയിൽ വരും. എന്നാൽ തിരുവനന്തപുരത്തെ മാളിന് കാറ്റഗറി ബിയിൽ പെടുത്തി അനുമതി നൽകുകയായിരുന്നു. മാളിന്റെ നിർമാണം 25 ശതമാനം പൂർത്തിയായതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന മാളിന് മതിപ്പ് ചെലവ് അയ്യായിരം കോടിയോളം വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.