കൊച്ചി: ഗവർണർക്കെതിരെ എൽഡിഎഫിന്റെ ആഭിമുഖ്യത്തിലുള്ള രാജ്ഭവൻ മാർച്ചിനെതിരെ സമർപ്പിച്ച ഹർജിയിൽ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന് കോടതി വിമർശനം. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്ന് ആരാഞ്ഞ കോടതി മാർച്ച് തടയാൻ ആകില്ലെന്നും വ്യക്തമാക്കി.
മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കെ.സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ഹാജർ ഉറപ്പ് വരുത്തി സർക്കാർ ജീവനക്കാരെ മാർച്ചിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഹർജിയിലെ സുരേന്ദ്രന്റെ പ്രധാന ആരോപണം. സുരേന്ദ്രൻ നൽകിയ പരാതി പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്കു കോടതി നിർദേശം നൽകി.
അതിനിടെ, ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയാണ് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്.