കൊച്ചി: ഉത്സവത്തിനു ആനയെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതിയുടെ കർശന നിർദേശം. കേരള നാട്ടാന പരിപാലന ചട്ടവും സുപ്രീം കോടതിയുടെ മാർഗനിർദേശവും അനുസരിച്ചു മാത്രമേ ആനകളെ എഴുന്നെള്ളിക്കാവൂ എന്ന് ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. സുപ്രീം കോടതി മാർഗനിർദേശം ലംഘിച്ചാൽ കർശന നടപടി ഉണ്ടാവുമെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതി മാർഗനിർദേശം നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ തല ഉത്സവ സമിതികൾ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. വിഷയത്തിൽ അമിക്കസ് ക്യൂറിയായി അഡ്വക്കറ്റ് വി.എം. ശ്യാമിനെ കോടതി നിയമിച്ചു. പ്രമുഖ വന്യ ജീവി വിദഗ്ധൻ ഡോക്ടർ ബി.എസ്. ഈസയുടെ സേവനം അമിക്കസ് ക്യൂറിക്ക് തേടാമെന്നും കോടതി നിർദേശിച്ചു.

Read More: അക്രമ സ്വഭാവമുള്ള ആനയെ ഉത്സവത്തിന് എഴുന്നെള്ളിച്ചാലുള്ള ബുദ്ധിമുട്ട് വളരെ വലുതായിരിക്കും: വനംമന്ത്രി

മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനള്ള സംഘടനയുടെ ഭാരവാഹി എം.എൻ. ജയചന്ദ്രൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസും എൻ. നഗരേഷും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. അസുഖമുള്ളതും മുറിവേറ്റതും ക്ഷീണിതരും ആയ ആനകളെ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കരുതെന്നാണ് 2015 ലെ
സുപ്രീം കോടതിയുടെ മാർഗ നിർദേശം.

അസുഖമുള്ള ആനകളെ എഴുന്നള്ളിക്കുന്നത് തടയണമെന്നായിരുന്നു ജയചന്ദ്രന്റെ
ഹർജയിലെ ആവശ്യം. തൃശുർ പൂരം അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി എത്തിയത്.

ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ വെറ്റിനറി സർജൻമാർക്കുള്ള അധികാരം പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ തടഞ്ഞിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന് ഇതിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി മൃഗ സംരക്ഷണ വകുപ്പ്
ഡയറക്ടർ ഉത്തരവ് മരവിപ്പിച്ചു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിയെ സർക്കാർ കോടതിയിൽ ന്യായീകരിച്ചു.

ഉത്സവങ്ങൾക്കും പൂരങ്ങൾക്കും സർക്കാർ എതിരാണെന്നു വരുത്തി തീർക്കാൻ ഒരു ലോബി സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെന്നും ഇവരാണ് ഇത്തരം ഹർജികൾക്കു പിന്നിലെന്നും
സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ
കോടതിയിൽ വാദിച്ചു.

തൃശൂർ പുരത്തിന് തെക്കേ ഗോപുര നടയിലെ എഴുന്നെള്ളിപ്പിനു ഒരു കണ്ണിന് കാഴ്ചയില്ലാത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ വെറ്റിനറി സർജൻ അനുമതി നൽകിയതോടെയാണ് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ സർജന്റെ അധികാരം തടഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഗുരുവായൂരിലെ കോട്ടപ്പടിയിൽ വച്ച്  രണ്ടു പേരെ ചവിട്ടിക്കൊന്നിരുന്നു.

ആനയെ കർശന നിയന്ത്രണങ്ങളോടെ എഴുന്നെള്ളിക്കാൻ വിദഗ്ധ സമിതി അനുമതിയും നൽകിയിട്ടുണ്ട്. അന്തിമ അനുമതി നൽകേണ്ടത് കളക്ടറാണ്. ആനയെ എഴുന്നെള്ളിക്കാൻ അനുവദിക്കണമെന്ന തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ മറ്റൊരു ഹർജിയിൽ സിംഗിൾ ബഞ്ച് കളക്ടറുടെ വിശദീകരണം തേടി. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.