മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ വിജിലന്‍സ് അന്വേഷണം; ഹര്‍ജിക്കാരന്‍ നേരിട്ടെത്തണമെന്ന് കോടതി

ഈ മാസം ആറിനാണ് ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ കാർഡ് എന്നിവയുമായി ഹാജരാവേണ്ടത്

Kerala Floods UAE 700 Crores Pinarayi Vijayan
Kerala Floods UAE 700 Crores Pinarayi Vijayan

കൊച്ചി:  മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ കന്യാകുമാരി സ്വദേശി ഡി.ഫ്രാൻസിസ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി. കേസിനാവശ്യമായ രേഖകൾ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ചത് ഫ്രാൻസിസിന്റെ അഭിഭാഷകനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അഭിഭാഷകനെ ഇതിന് അനുവദിച്ചതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി കഴിഞ്ഞ വാദം കേൾക്കലിൽ നിർദേശിച്ചിരുന്നു.

Read Also: മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ വിജിലന്‍സ് അന്വേഷണം; ഹര്‍ജിക്കാരന്റെ അഭിഭാഷകന് കോടതിയുടെ രൂക്ഷ വിമര്‍ശനം

അനുമതി പത്രത്തിന്റെ ഒറിജിനൽ അഭിഭാഷകൻ വെള്ളിയാഴ്ച ഹാജരാക്കി. ഒറിജിനൽ വിവരാവകാശ നിയമപ്രകാരമുള്ള അതോറിറ്റിയുടെ കൈവശമല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. തുടർന്നാണ് ഹർജിക്കാരനോട് നേരിട്ട് ഹാജരാവാൻ നിർദേശിച്ചത്. ഈ മാസം ആറിനാണ് ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ കാർഡ് എന്നിവയുമായി ഹാജരാവേണ്ടത്.

അമേരിക്കൻ – ഗൾഫ് യാത്രകളിൽ ചെലവായ വിമാനക്കൂലി മുഖ്യമന്ത്രി പൊതു ഖജനാവിൽ നിന്ന് എഴുതി വാങ്ങിയെന്നാണ് ഹർജിയിലെ ആരോപണം.  മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹര്‍ജിക്കാരനെയും അഭിഭാഷകനെയുമാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. പ്രശസ്തിക്കും വ്യക്തി വൈരാഗ്യം നടപ്പാക്കാനും കോടതിയെ കരുവാക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. പൊതു ആവശ്യത്തിനല്ലാതെ വിദേശ യാത്ര നടത്തിയ മുഖ്യമന്ത്രി ഖജനാവില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അഭിഭാഷകനെതിരെ തിരിഞ്ഞത്.

കേസിന് ആസ്പദമായ രേഖകള്‍ സമാഹരിച്ചത് ഹര്‍ജിക്കാരനല്ലെന്നും അഭിഭാഷകനാണെന്നും കോടതി കണ്ടെത്തി. അഭിഭാഷകന് ഇക്കാര്യത്തില്‍ എന്താണ് അമിത താല്‍പര്യമെന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തില്‍ മറുപടി സത്യവാങ്മൂലമായി നല്‍കാന്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു. മറുപടി തൃപ്തികരമല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഇക്കാര്യത്തിൽ അഭിഭാഷകനായ എംപി ഹരിപ്രസാദിനോട് രേഖാമൂലം മറുപടി നല്‍കാന്‍ ജസ്റ്റിസ് പി.ഉബൈദ് നിർദേശിച്ചു.

Read Also: ‘എന്നെ വിശ്വസിക്കൂ, ധോണിയെ ഏഴാമതായി ഇറക്കിയത് എന്റെ മാത്രം തീരുമാനമല്ല’

കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഡി.ഫ്രാൻസിസ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.ഉബൈദ് പരിഗണിച്ചത്. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് വിദേശയാത്രകൾ എന്നും സ്വകാര്യ പരിപാടികളിൽ പങ്കെടുത്തതിനും കേന്ദ്രാനുമതി ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. വഴിച്ചെലവിന് ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നെന്നും ഇത് ചെലവാക്കിയില്ലെന്നും യാത്ര കഴിഞ്ഞതിന് പിന്നാലെ തിരിച്ചടയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court on cm pinarayi vijayans foreign trip case

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com