കൊച്ചി: മുരിങ്ങൂർ പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഇരയ്ക്ക് വേണ്ടി സംസാരിച്ച ഒളിമ്പ്യൻ മയൂഖാ ജോണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മയൂഖ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് കെ.ഹരിപാലിൻ്റെ പരാമർശം.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണന്ന് പൊലീസ് അറിയിച്ചു. ഹർജിക്കാരി ഒളിമ്പ്യനാണന്ന് അഭിഭാഷകൻ ചുണ്ടിക്കാട്ടിയപ്പോൾ അതും കേസും തമ്മിൽ എന്താണ് ബന്ധമെന്ന് കോടതി ആരാഞ്ഞു. തൽക്കാലം അന്വേഷണം നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
പീഡനക്കേസിലെ പ്രതിയും മുൻ വൈദികനുമായ സിസി ജോൺസൻ്റെ സുഹൃത്ത് സാബു സെബാസ്റ്റ്യൻ്റെ പരാതിയിലാണ് മയൂഖക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ജോൺസണെ കേസിൽ കുടുക്കാൻ മയൂഖ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം.
വ്യാജരേഖ ചമക്കൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് മയൂഖ ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഇരക്ക് പിന്തുണ നൽകുന്ന തന്നെ പിന്തിരിപ്പിക്കാനാണ് പരാതിയും കേസുമെന്നാണ് മയൂഖയുടെ ആരോപണം.
Also Read: സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയ പിടിമുറുക്കുന്നെന്ന് ചെന്നിത്തല; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം