കൊച്ചി: സിബിഎസ്‌ഇ അംഗീകാരമില്ലാത്തതിനാൽ പത്താം ക്ലാസ് പരീക്ഷയെഴുതാൻ സാധിക്കാതെ പോയ അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് ഹൈക്കോടതിയിലും തിരിച്ചടി. പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന 28 വിദ്യാർഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യമാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.
മാനേജ്‌മെന്റ് നൽകിയ ഹർജിയോടൊപ്പം വിദ്യാർഥികളുടെ ഹർജിയും ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ എന്തുചെയ്യാനാകുമെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഇത് വരെ സ്വീകരിച്ച നടപടികൾ അടക്കം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാനും സിബിഎസ്ഇയോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
Also Read: കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു; ദേവനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു
സിബിഎസ്ഇയുടെ അംഗീകാരമില്ലാത്തതിനാല്‍ പരീക്ഷ എഴുതാനാകില്ലെന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ആരംഭിച്ച അന്നാണ് വിദ്യാർഥികൾ അറിയുന്നത്. ഇതേത്തുടര്‍ന്ന് രക്ഷിതാക്കള്‍ തോപ്പുംപടി പൊലീസില്‍ സ്‌കൂളിനെതിരെ പരാതി നല്‍കിയിരുന്നു. അംഗീകാരമില്ലാത്ത വിവരം മറച്ചുവച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
സംഭവത്തിൽ സിബിഎസ്ഇക്കെതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. നാടെങ്ങും സ്കൂളുകൾ തുറന്നിട്ട് വിദ്യാർഥികളെ ചൂഷണം ചെയ്യാൻ ലാഭക്കൊതിയൻമാർക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിമർശനം. സിബിഎസ്ഇ റീജിയണൽ ഡയറക്ടർ സച്ചിൻ ധാക്കൂറിനെ വിളിച്ചുവരുത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിമർശനം.