കൊച്ചി:ഫ്ലെക്സ് ബോർഡുകൾ നീക്കാത്തതിനെതിരെ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ മുതിരാത്തത് അലോസരമുണ്ടക്കുനെന്നും കോടതി കുറ്റപ്പെടുത്തി. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി മുക്കിലും മൂലയിലും ഫ്ലെക്സും മറ്റ്പരസ്യ ബോർഡുകളും സ്ഥാപിക്കുന്നതിന്റെ ഭാരം പൊതുജനത്തിന്റെ ചുമലിൽ വയ്ക്കാനാവില്ലെന്നു ഹൈക്കോടതി.

അനധികൃത ഫ്ലെക്സ്, പരസ്യ ബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കാൻ ഉത്തരവിട്ടിട്ടും അവ നീക്കാനോ പിഴ ഈടാക്കാനോ സർക്കാർ മുതിരാത്തത് അലോസരമുണ്ടാക്കുന്നതാണെന്നു കോടതി കുറ്റപ്പെടുത്തി. നേരത്തെ അനധികൃത ഫ്ലെക്സുകൾ നീക്കാൻ കോടതി ഉത്തരവിട്ടിരുന്നു എന്നാൽ സർക്കാർ ഇത് സംബന്ധിച്ച് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

ദുരിതാശ്വാസ നിധിയിലേക്കു സർക്കാർ സംഭാവന തേടുന്നതിനിടെ അനധികൃത ഫ്ലെക്സ്, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് വഴി വരുമാന നഷ്ടം ഉണ്ടാകുന്നത് ജനത്തെ മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും കോടതി പറഞ്ഞു. ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് പള്ളിയുടെ ഉൾപ്പെടെ ഹർജികളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

നിയന്ത്രണം വേണമെന്നു ബോധ്യമുണ്ടെന്നും ഉടൻ സർക്കുലർ ഇറക്കുമെന്നാണു സർക്കാർ പറയുന്നത്. എന്നാൽ അനധികൃത ബോർഡുകൾ വയ്ക്കുമ്പോൾ തന്നെ പിഴ ചുമത്തുകയും നീക്കുകയും ചെയ്തില്ലെങ്കിൽ ഒരു മാറ്റവും ഉണ്ടാവില്ല. കോടതി പറഞ്ഞിട്ടും തദ്ദേശസ്ഥാപനങ്ങൾ മൃദുസമീപനം തുടരുന്നതു സ്ഥാപിത താൽപര്യക്കാരുടെ മാർഗ നിർദേശത്തിലാണോ എന്ന സംശയവും കോടതി ഉന്നയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.