കൊച്ചി: മതംമാറ്റി വിവാഹം കഴിച്ച ശേഷം യുവതിയോട് സിറിയയിലേക്ക് പോകാൻ ഭർത്താവ് ആവശ്യപ്പെട്ടെന്ന സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിവാഹത്തിന് ശേഷം മാതാപിതാക്കൾക്കൊപ്പം പോയ യുവതിയാണ് മതസംഘടന ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി രംഗത്ത് എത്തിയത്.

കണ്ണൂർ ജില്ലയിലെ മുണ്ടൂർ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. യുവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണ നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഭർത്താവ് സിറിയയിൽ പോകാൻ നിർബന്ധിക്കുന്നുവെന്നും ഇക്കാര്യം ഇദ്ദേഹത്തിന്റെ മതസംഘടനയും ആവശ്യപ്പെട്ടെന്നും യുവതി കോടതിയിൽ വ്യക്തമാക്കി.

നേരത്തേ ഇതര മതസ്ഥനായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയെ കാണാനില്ലെന്ന് കാട്ടി പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി. തനിക്ക് മാതാപിതാക്കൾക്കൊപ്പം പോയാൽ മതിയെന്ന യുവതിയുടെ തീരുമാനത്തെ തുടർന്ന് ഇവരെ മാതാപിതാക്കൾക്കൊപ്പം വിട്ടു.

ഇതിന് പിന്നാലെ യുവാവിന്റെയും മതസംഘടനയുടെയും ഭാഗത്ത് നിന്ന് നിരന്തരം ഭീഷണി നേരിട്ടുവെന്നാണ് പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും പരാതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ