കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പഴയ വോട്ടർ പട്ടിക ഉപയോഗിക്കുന്നത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടീസ്. 2019 ലെ ലോക്‌സഭാ വോട്ടർ പട്ടിക നിലനിൽക്കെ 2015 ൽ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക ഇപ്പോൾ കരട് വോട്ടർ പട്ടികയായി നിശ്ചയിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടാഴ്‌ചയ്‌ക്കകം വിശദീകരണം നൽകണം.

നാദാപുരം സ്വദേശി സൂപ്പി നരിക്കാട്ടേരി, ഫറോക്ക് മുനിസിപ്പൽ കൗൺസിലർ പി.ആഷിഫ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു ശേഷം നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടിക നിലനിൽക്കെ, 2015 ലെ വോട്ടർ പട്ടിക നിശ്ചയിച്ചത് ഏകപക്ഷീയമാണെന്നാണ് ഹർജിയിലെ ആരോപണം. കേസ് രണ്ടാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Read Also: ഓർമയില്ലേ ഗുജറാത്ത്…; കൊലവിളി മുദ്രാവാക്യങ്ങളുമായി ബിജെപി പ്രകടനം

ഈ വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക തന്നെ മാനദണ്ഡമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. 2015 ലെ വോട്ടര്‍ പട്ടിക അനുസരിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.  2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ ആവശ്യം തള്ളി. എല്‍ഡിഎഫും യുഡിഎഫും 2019 ലെ വോട്ടര്‍ പട്ടിക ആധാരമാക്കി വേണം ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ എന്ന് ആവശ്യപ്പെട്ടിരുന്നു.

2015 ലെ പട്ടിക അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സർക്കാർ നിലപാട്. അതേസമയം, രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക മാറ്റുമെന്നും ജില്ലാ തലത്തിൽ പാർട്ടി നേതൃത്വങ്ങളുമായി സംസാരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്.

Read Also: മസിലളിയൻ എന്ന വിളിയിലൂടെ അവരെന്നെ തളച്ചിടുകയാണ്: ഉണ്ണി മുകുന്ദൻ

തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കേണ്ട തിരഞ്ഞെടുപ്പിനായി 2015ലെ വോട്ടർപട്ടിക പുതുക്കി ഉപയോഗിക്കേണ്ടി വന്നാൽ 25 ലക്ഷത്തോളം വോട്ടർമാരെ എങ്കിലും പുതുതായി ചേർക്കേണ്ടി വരുമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. പരേതരും സ്ഥലത്തില്ലാത്തവരുമായ നാലോ അഞ്ചോ ലക്ഷം പേരെയെങ്കിലും പട്ടികയിൽനിന്ന് ഒഴിവാക്കേണ്ടിവരുമെന്നായിരുന്നു വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.