കൊച്ചി: സംസ്ഥാനത്ത് വനമേഖലയിലെ ക്വാറി പ്രവർത്തനം സംബന്ധിച്ച് ദേശീയ വനം വന്യജീവി ബോർഡ് രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ദേശീയോദ്യാനങ്ങൾക്കും വന്യമൃഗ സങ്കേതങ്ങൾക്കും സമീപം ക്വാറി പ്രവർത്തനം ഒരു കിലോമീറ്ററായി ചുരുക്കിയ സർക്കാർ ശിപാർശക്കെതിരെയും നിലവിലെ ക്വാറികളുടെ പ്രവർത്തനം തടഞ്ഞ ജിയോളജി ഡയറക്ടറുടെ ഉത്തരവിനെതിരെയും സമർപ്പിച്ച ഒരു കുട്ടം ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ നിർദേശം.
കോടതി ഉത്തരവ് ലഭിച്ച് രണ്ടാഴ്ചക്കുള്ളിൽ പാട്ടക്കരാറുകളുടെയും പാരിസ്ഥിതിക അനുമതികളുടെയും പകർപ്പുകൾ സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുക്കണം. ലഭിക്കുന്ന രേഖകൾ ഒരാഴ്‌ചയ്ക്കുള്ളിൽ പരിസ്ഥിതി മന്ത്രാലയം ദേശീയ വനം വന്യജീവി ബോർഡിന് കൈമാറണം. ഓരോ അപേക്ഷകളും പ്രത്യേകം പരിശോധിച്ച് തിരുമാനമെടുക്കണം. ബോർഡ് 60 ദിവസത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ നിരോധന ഉത്തരവുകൾ റദ്ദാകും. അതുവരെ ജിയോളജി വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ തുടരും.
Read Also: പ്രതിഷേധത്തിനിറങ്ങിയ കലാകാരന്‍മാര്‍ക്ക് രാജ്യസ്‌നേഹമില്ല: കുമ്മനം
സംസ്ഥാനത്ത് ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവിൽ 189 ക്വാറികളാണ് പ്രവർത്തിക്കുന്നത്. ക്വാറികളുടെ പ്രവർത്തനം നിയമവിരുദ്ധമാണന്ന് ആരോപണം ഉയർന്നതോടെയാണ് ജിയോളജി ഡയറക്ടർ സ്റ്റോപ് മെമ്മോ നൽകിയത്. ദേശീയോദ്യാനങ്ങളുടെയും വന്യമൃഗസങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ നിരോധനവും ഒന്നു മുതൽ പത്ത് വരെ കിലോമീറ്റർ പരിധിയിൽ വനം വന്യജീവി ബോർഡിന്റെ അനുമതിയോടെയും ക്വാറി പ്രവർത്തനമെന്നാണ് കേന്ദ്ര നിയമം.
ഇതിനു വിരുദ്ധമായി ഒരു കിലോമീറ്റർ ചുറ്റളവിൽ മാത്രം ക്വാറി പ്രവർത്തനം ചുരുക്കി സംസ്ഥാനം വനം പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ സമർപ്പിക്കുകയായിരുന്നു. ദൂരപരിധി ഒരു കിലോമീറ്ററായി ചുരുക്കിയ സർക്കാർ ശുപാർശയിൽ വനം പരിസ്ഥിതി മന്ത്രാലയം വിശദീകരണം തേടിയെങ്കിലും സംസ്ഥാനം നൽകിയില്ല.