കൊച്ചി: മുസ്‌ലിം ലീഗ് എംഎൽഎ എം.സി.ഖമറുദ്ദീൻ പ്രതിയായ ഫാഷൻ ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലർ ഫിനാൻസ് ആണെന്ന് ഹൈക്കോടതി. പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാൽ പരാമർശം.
ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ വീഴ്‌ച വന്നിട്ടുണ്ടെന്നും സിവിൽ കേസ് ആണെന്നും തനിക്കെതിരെ ചുമത്തിയ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നുമാണ് ഖമറുദ്ദീന്റെ വാദം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഖമറുദീൻ ആരോപിച്ചു.
ചന്ദേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയാണ് ഖമറുദ്ദീൻ.
ഖമറുദ്ദീൻ പ്രമോട്ടർമാരിൽ ഒരാളായ കമ്പനി നിക്ഷേപകരിൽ നിന്ന് കോടികൾ സ്വീകരിച്ചുവെന്നാണ് പരാതി. 2017 ന് കമ്പനി കണക്കുകളും നൽകിയിട്ടില്ല.
നേരത്തെ, ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തിരുന്നു. കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ പൊലീസ് കേസെടുത്തത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.