കൊച്ചി: ബാങ്ക് ജപ്തി ചെയ്ത് സ്ഥലം തിരിച്ചുപിടിച്ച കൊച്ചി സ്വദേശി പ്രീത ഷാജിക്കെതിരായ കോടതിയലക്ഷ്യ കേസിലെ ശിക്ഷ ഹൈക്കോടതി ഇന്ന് തീരുമാനിക്കും. അഭിഭാഷക കമ്മീഷനെ തടഞ്ഞ കേസില്‍ പ്രീതയും ഭര്‍ത്താവും ശിക്ഷയായി സാമൂഹ്യ സേവനം നടത്തട്ടെയെന്നാണ് കോടതി പ്രാഥമികമായി പരിഗണിക്കുന്നത്.

കോടതി നിർദേശപ്രകാരം വീടു ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ പ്രീത ഷാജി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ലേലത്തില്‍ വീടു കൈപ്പറ്റിയ ആളുടെ പരാതിയിലാണ് കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ചത്.

വീടു തിരിച്ചു പിടിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്നും സംഭവത്തില്‍ ക്ഷമാപണം സ്വീകരിച്ച് ഹര്‍ജി തീര്‍പ്പാക്കണം എന്നും പ്രീത ഷാജി കോടതിയെ അറിയിച്ചെങ്കിലും വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ഭാവിയില്‍ തെളിയിക്കാമെന്ന് കരുതി ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ല. പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചവര്‍ പിന്നീട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു.

കോടതി വിധിയുടെ നഗ്‌നമായ ലംഘനത്തിന് സമൂഹത്തിന് സന്ദേശം നല്‍കുന്ന തരത്തില്‍ ഉചിതമായ ശിക്ഷ നല്‍കുമെന്നും കോടതി വ്യക്തമാക്കി. നിര്‍ബന്ധിത സാമൂഹ്യ സേവനമാണ് കോടതി ഉദ്ദേശിക്കുന്നത്. എന്തു സാമൂഹ്യ സേവനം നടത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിക്കണമെന്നും കോടതി നിർദേശം നല്‍കി. സുഹൃത്തിന് വായ്പയ്ക്ക് ജാമ്യം നിന്നതിനെത്തുടര്‍ന്ന് നഷ്ടമായ സ്ഥലം കോടതി ഉത്തരവിനെത്തുടര്‍ന്ന് പണം അടച്ച് അടുത്തിടെ പ്രീത ഷാജി വീണ്ടെടുത്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ