കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തെതുടര്‍ന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഈ വിഷയം കോടതി പരിഗണിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമാകുമോ? ജഡ്ജിമാര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബര്‍ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പരാമര്‍ശിച്ചു. താനൂര്‍ ബോട്ട് ദുരന്തത്തെ തുടര്‍ന്നു സ്വമേധയാ എടുത്ത കേസാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
താനൂര്‍ ബോട്ട് ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത് 22 പേര്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. യാത്ര ചെയ്തത് 37 പേരെന്നും മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുത്. ബോട്ടുകളില്‍ പരമാവധി കയറാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം, ബോട്ടില്‍ ആളുകളുടെ എണ്ണം പ്രദര്‍ശിപ്പിക്കണം, അധികഭാരമാണ് അപകടത്തിന് കാരണമെന്നും കോടതി നിരീഷിച്ചു.
സംസ്ഥാനത്തുടനീളം ബോട്ടുകളില്‍ കയറാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം. ബോട്ടില്‍ എത്രയാളുകള്‍ കയറിയെന്ന് ഡ്രൈവറും സ്രാങ്കും ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ അധികൃതര്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഇവര്‍ക്കായിരിക്കും ഉത്തരവാദിത്തം. അനുവദനീയമായ സ്ഥലത്തു മാത്രം യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കാവൂ. അല്ലാത്ത സ്ഥലങ്ങളില്‍ ബാരിക്കേഡ് വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ ബോട്ടുകള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉറപ്പാക്കണം. അഡ്വക്കറ്റ് ശ്യാം കുമാറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
താനൂര്‍ ബോട്ട് ദുരന്ത വിഷയത്തില്‍ കോടതി സ്വമേധയാ കേസെടുത്തതിനെതിരെ സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ടെന്നും കോടതി ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു സ്വമേധയാ കേസെടുത്തത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പുറത്തു കടക്കാനാകാതെ ബോട്ടില്‍ കുടുങ്ങി മരിച്ച ദാരുണ സംഭവമാണ്. ഇതല്ലെങ്കില്‍ പിന്നേതു വിഷയത്തില്‍ സ്വമേധയാ കേസെടുക്കുമെന്നും കോടതി ചോദിച്ചു. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധമാകുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.