കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസ് കെട്ടിച്ചമച്ചതാണന്ന ദിലിപിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റീസ് സിയാദ് റഹ്മാന്റെ ഉത്തരവ്.
കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ഗൂഢാലോചനാ ആരോപണം സംശയകരമാണെങ്കിൽ പോലും എഫ്ഐആർ നിലനിൽക്കുന്നിടത്തോളം സംശയത്തിന്റെ ആനുകൂല്യം അന്വേഷണ ഏജൻസിക്ക് അനുകൂലമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ല. അന്വേഷണത്തിലൂടെയേ തെളിവുകൾ കണ്ടെത്താനാവൂ. അപൂർവ്വങ്ങളിൽ അപൂർവമായ കേസിലെ എഫ്ഐആർ റദ്ദാക്കാനാവൂ. ഈ കേസ് അങ്ങനെ ഒന്നല്ല. തനിക്കെതിരെയുള്ള കേസ് പൊലീസ് കെട്ടിച്ചമച്ചതാണന്ന ആരോപണം തെളിയിക്കാൻ പ്രതി വസ്തുതകളോ, രേഖകളോ ഹാജരാക്കിയിട്ടില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നിരസിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാധീനത്തിലാണ് ബാലചന്ദ്രകുമാർ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന ദിലീപിന്റെ പരാതിക്ക് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തിൽ അന്വേഷണ ഏജൻസിക്ക് ഏതെങ്കിലും തരത്തിലുള്ള വഞ്ചനയോ, ഗൂഢോദ്ദേശ്യമോ ഉള്ളതായി കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിലെ ഒരു കക്ഷി ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം അന്വേഷണ ഏജൻസിയെ മാറ്റാനാവില്ലെന്നും പ്രതിക്ക് അന്വേഷണ ഏജൻസിയെ തീരുമാനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടക്കുന്നതെന്നും അന്വേഷണ ഏജൻസി മാറേണ്ടതില്ലെന്നും സർക്കാർ ബോധിപ്പിച്ചു.
ദിലിപ് തെളിവ് നശിപ്പിച്ചെന്നും വധഗൂഢാലോചന കേസിൽ ദിലിപ് അടക്കമുള്ളവർക്കെതിരെ തെളിവുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. തെളിവ് നശിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും ദീലീപ് തെളിവുകൾ നശിപ്പിച്ചു. ജനുവരി 29നാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത് . 29നും 30നുമാണ് ഡാറ്റ നശിപ്പിച്ചത്. വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഫോൺ രേഖകളും പ്രതികൾ നശിപ്പിച്ചതായി
ഫോറൻറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
ടി.എ.ഷാജി കോടതിയെ അറിയിച്ചു.
കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ട നാലു ഫോണുകൾ മുംബൈയിലെ ലാബിൽ പരിശോധിച്ചെന്നും കൃത്രിമം നടത്തിയതായി പരിശോധനയിൽ വ്യക്തമായെന്നും ജനുവരി 27ന് പരിശോധനകൾ പൂർത്തിയായെന്ന് കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദിലീപ് ഒരു ഫോൺ മറച്ചു വെച്ചെന്നും മുബൈയിൽ പരിശോധനക്കയച്ച ഒരു ഫോണിനെക്കുറിച്ച് ചോദ്യം ചെയ്യലിൽ പറഞ്ഞില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ജനുവരി 30 ന് ഒരു ഐ ഫോണിഫോണിൽ നിന്ന് രാമൻപിള്ള അസോസിയേറ്റ്സുമായും ഹയാത്തുമായും വാട്സ്ആപ്പ് കോൾ വഴി ബന്ധപ്പെട്ടതിന് രേഖകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ബാലചന്ദ്രകുമാർ നേരത്തെ പരാതി നൽകിയില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി.
അക്കാര്യങ്ങൾ ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്നും ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്നും. ബാലചന്ദ്രകുമാറിന് നേരത്തെ തന്നെ ദിലീപുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തനിക്കെതിരെ തെളിവില്ലെന്നും നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാനാണ് പൊലിസ് പുതിയ കേസെടുത്തതെന്നുമായിരുന്നു ദിലീപിന്റെ വാദം.
Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് ഒന്നരമാസം കൂടി അനുവദിച്ചു; ഇനി കൂട്ടില്ലെന്ന് കോടതി